നെടുമങ്ങാട്: നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്ന കാഴ്ചയാണ് നിരത്തിലെങ്ങും. അമിത ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കരുതെന്ന നിയമം നിലനില്‍ക്കെ വിവിധ വകുപ്പ് അധികൃതരും ജനപ്രതിനിധികളും സഞ്ചരിക്കുന്ന വാഹനങ്ങളിലടക്കം ഇലക്ട്രോണിക് മള്‍ട്ടി ടോണ്‍ഡ് ഹോണ്‍, എയര്‍ ഹോണ്‍ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നതായാണ് പരാതി ഉയരുന്നത്.
നിയന്ത്രണങ്ങളും നിയമങ്ങളും ഫലപ്രദമാകാതെ വന്നതോടെ സ്വകാര്യ വാഹനങ്ങളിലടക്കം ഇത്തരം അമിത ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിച്ചു വരുന്നത് തുടരുകയാണ്.ഉന്നതരുടെ പൈലറ്റും എസ്കോര്‍ട്ടുമായി സഞ്ചരിക്കുന്ന പൊലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഹോണുകള്‍ തുടര്‍ച്ചയായി മുഴക്കുന്നത് ഏറെ ബുദ്ധിമുട്ടിന് കാരണമാകുന്നുണ്ട്.
1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 119 (2) ഉം ,2005 ലെ ഭേദഗതിയും അനുസരിച്ച് ഇരുചക്ര, മുച്ചക്ര വാഅഹനങ്ങള്ക്ക് 81 ഡെസിബെലും നാലുചക്ര വാഹനങ്ങള്‍ക്ക് 83 ഡെസിബെലും ബസ്, ലോറി മുതലായവയ്ക്ക് 92 ഡെസിബെലും വരെയുള്ള ഹോണുകള്‍ ഉപയോഗിക്കാം.ഈ പരിധിക്ക് മുകളിലുള്ള ഹോണുകള്‍ ഉപയോഗിക്കുന്നതായി കണ്ടാല്‍ ആദ്യതവണ 900 രൂപയും പിന്നീട് 1800 രൂപയും പിഴ ഈടാക്കും.
നിയമങ്ങള്‍ ഇതൊക്കെയാണെങ്കിലും ബോണറ്റിന് മുന്നില്‍ പരസ്യമായും ഗ്രില്ലിനടിയില്‍ ഒളിപ്പിച്ചും കാതടപ്പിക്കുന്ന ശബ്ദം മുഴക്കി വാഹനങ്ങള്‍ പായുകയാണ്.അനിയന്ത്രിത ശബ്ദം മനുഷ്യനില്‍ കേള്‍വിക്കുറവിനും മൃഗങ്ങളില്‍ ആക്രമണോത്സുകതയ്ക്കും കാരണമാകും.കുട്ടികളിലും ഗര്‍ഭിണികളിലുമാണ് ശബ്ദതീവ്രത ഏറെ ബാധിക്കുന്നത്.