കോഴിക്കോട് : സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്ന കരിപ്പൂരില്‍ കാബിന്‍ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഫ്ളൈറ്റ് ജീവനക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം.
എയര്‍ഹോസ്റ്റസ് ഉള്‍പ്പെടെയുള്ള കാബിന്‍ക്രൂ അംഗങ്ങള്‍ വിദേശത്തും നാട്ടിലും വേരുറപ്പിച്ച സ്വര്‍ണക്കടത്ത് സംഘത്തിന്റെ സഹായികളായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാന്‍ എയര്‍കസ്റ്റംസ് തീരുമാനിച്ചത്. സാധാരണയായി യാത്രക്കാരെയും അവരുടെ ലഗേജുകളുമായിരുന്നു വിദഗ്ധമായി പരിശോധിക്കാറുള്ളത്.
എന്നാല്‍ ഇനി മുതല്‍ എയര്‍ഹോസ്റ്റസുമാരേയും മറ്റു കാബിന്‍ക്രൂ ജീവനക്കാരേയും ദേഹപരിശോധനയുള്‍പ്പെടെ നടത്തും. കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ തൊഴിലാളികളില്‍ ചിലരേയും താത്കാലിക ജീവനക്കാരേയും കാബിന്‍ക്രൂ അംഗങ്ങളേയും ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നുണ്ടെന്ന് ഡിആര്‍ഐ, കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ നടപടികള്‍ കാരണം വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന അനൗദ്യോഗിക ഇളവുകള്‍ ചൂഷണം ചെയ്താണ് സ്വര്‍ണക്കടത്ത് സംഘം കള്ളക്കടത്ത് തുടരുന്നത്. ഇത്തരത്തിലുള്ള കള്ളക്കടത്ത് അവസാനിപ്പിക്കുന്നതിനായാണ് പരിശോധന ശക്തമാക്കുന്നത്.
ചൊവ്വാഴ്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് (ഡിആര്‍ഐ) ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ എക്സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ സ്വര്‍ണ മിശ്രിതവുമായി പിടികൂടിയിരുന്നു. മലപ്പുറം ചുങ്കത്തറ സ്വദേശി ഷാഹാന (29) ആണ് എയര്‍കസ്റ്റംസിന്റെ പിടിയിലായത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 99 ലക്ഷത്തിന്റെ സ്വര്‍ണമായിരുന്നു കടത്തിയത്. കഴിഞ്ഞ മാസവും കാബിന്‍ക്രൂ ഉള്‍പ്പെടെയുള്ളവരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിആര്‍ഐ കരിപ്പൂരില്‍ പിടികൂടിയിരുന്നു. വിമാനത്തില്‍ ഭക്ഷണമെത്തിച്ച കാറ്ററിംഗ് ട്രോളിയില്‍ ഒളിപ്പിച്ച് പുറത്തു കടത്തിയ 61.89 ലക്ഷം രൂപയുടെ 1.28 കിലോഗ്രാം സ്വര്‍ണമായിരുന്നു പിടികൂടിയത്.
ഷാര്‍ജയില്‍ നിന്ന് കോഴിക്കോടെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ കാബിന്‍ക്രൂ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി പി.കെ.അന്‍സാര്‍, വിമാനത്തിലേക്ക് ഭക്ഷണമൊരുക്കുന്ന കമ്പനിയിലെ ജീവനക്കാരന് കാസര്‍ഗോഡ് സ്വദേശി അഹമ്മദ് ജംഷീര്‍, സ്വര്‍ണം കൈപ്പറ്റാന്‍ എത്തിയ കണ്ണൂര്‍ സ്വദേശി വി.നൗഫല്‍ എന്നിവരായിരുന്നു പിടിയിലായത്.
കഴിഞ്ഞ ദിവസം പിടിയിലായ ഷഹാന നേരത്തെയും സ്വര്‍ണം കടത്തിയതായാണ് എയര്‍കസ്റ്റംസ് മുമ്പാകെ മൊഴി നല്‍കിയത്. ഇത്രതന്നെ അളവ് അന്നുണ്ടായിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ സ്വര്‍ണം കടത്തിയത് ആര്‍ക്ക് വേണ്ടിയാണെന്നോ ആരാണ് സ്വര്‍ണം കൈമാറിയതെന്ന വിവരമോ ഷഹാനയ്ക്ക് അറിയില്ല.
ഇത്തവണ സ്വര്‍ണം കടത്തിയതും ആര്‍ക്ക് വേണ്ടിയാണെന്നത് അവ്യക്തമാണ്. ഷാര്‍ജയിലെ വിമാനതാവളത്തില്‍ ഒരു യാത്രക്കാരനാണ് സ്വര്‍ണമിശ്രിതവുമായി തന്നെ സമീപിച്ചതെന്നാണ് ഷഹാനയുടെ മൊഴി. തുടര്‍ന്ന് വിമാനത്താവളത്തിലെ ബാത്ത്റൂമില്‍വച്ച് ഇവ അടിവസ്ത്രത്തില്‍ ഒളിപ്പിക്കുകയായിരുന്നു.
കൊണ്ടോട്ടിയിലെത്തിയാല്‍ ഒരാള്‍ സമീപിക്കുമെന്ന് മാത്രമായിരുന്നു സന്ദേശം. വീട്ടിലേക്ക് പോകുംവഴി കൊണ്ടോട്ടിയിലെത്തി സ്വര്‍ണം കൈമാറുകയും പ്രതിഫലം കൈപ്പറ്റി തിരിച്ചുപോകാനുമായിരുന്നു പദ്ധതി. അതിനിടെയാണ് എയര്‍കസ്റ്റംസ് പിടികൂടുന്നത്.