ബീജിംഗ്: എയർഹോസ്റ്റസ് ആകുക എന്നത് മിക്ക പെൺകുട്ടികളുടെയും സ്വപ്നമാണ്. എന്നാൽ ആശിച്ചു നേടിയ എയർഹോസ്റ്റസ് ജോലി രാജിവച്ച് പന്നിവളർത്തൽ തുടങ്ങി എന്നു കേട്ടാൽ എന്തു തോന്നും? മണ്ടത്തരമെന്ന് ആരും പറയുന്ന ഈ തീരുമാനമെടുത്ത് വാർത്താതാരമായിരിക്കുകയാണ് ഇരുപത്തിയേഴ് വയസുള്ള ഒരു ചൈനാക്കാരി.
ഷാംഗ്ഹായിൽ താമസിക്കുന്ന യാംഗ് യാംഗ്സി ആണ് ഫ്ലൈറ്റ് അറ്റൻഡന്റ് ജോലി ഉപേക്ഷിച്ച് പന്നിവളർത്തൽ തുടങ്ങിയത്. വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാംഗ് പ്രവിശ്യയിൽനിന്നുള്ള യാംഗ്സി മുൻനിര എയർലൈൻ കമ്പനിയിൽ ഉയർന്ന ശന്പളം വാങ്ങുന്ന, അഞ്ചുവർഷത്തെ സേവനപരിചയമുള്ള ജീവനക്കാരിയായിരുന്നു. ഈ ജോലി രാജിവച്ച അവർ വീടിനടുത്തുള്ള പന്നിഫാമിൽ ജോലി സ്വീകരിക്കുകയായിരുന്നു.
മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെന്നും വീട്ടിൽനിന്നു വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യാംഗ്സി പറയുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ യാംഗ്സി പുതിയ ജോലിസ്ഥലത്തുനിന്നുള്ള വീഡിയോയും പങ്കുവച്ചു.
അടുത്തിടെ ഓഫീസ് ജോലി വേണ്ടെന്നുവച്ച് സെമിത്തേരിയിൽ തൊഴിൽ സ്വീകരിച്ച യുവതി വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഓഫീസ് ജോലി മനസ് മടുപ്പിക്കുന്നതിനാലാണു മതിയാക്കിയതെന്നായിരുന്നു യുവതിയുടെ വിശദീകരണം. സെമിത്തേരിയിലെ ജോലി എന്തു സന്തോഷമാണോ ആവോ യുവതിക്കു നൽകിയത്!