എയർഇന്ത്യയിലെ മുപ്പത്തിയെട്ടു വർഷത്തെ എയർഹോസ്റ്റസ് സേവനത്തിനു ശേഷം അമ്മ വിരമിക്കുന്ന ദിനത്തിൽ അതേ വിമാനം പറത്തി മകൾ. പൂജ ചിൻചൻകർ എന്ന അമ്മയ്ക്കാണ് ഈ അപൂർവ സൗഭാഗ്യം ലഭിച്ചത്.
1980ൽ എയർഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ച പൂജ 1981 മാർച്ച് ഒന്ന് മുതലാണ് മുംബൈയിൽ നിന്നുള്ള വിമാനത്തിൽ ജോലി ആരംഭിച്ചത്. മുപ്പത്തിയെട്ടു വർഷത്തെ ഒൗദ്യോഗിക ജീവിതത്തിനു ശേഷം മുംബൈ-ബാംഗ്ലൂർ-മുംബൈ വിമാനത്തിലായിരുന്നു പൂജയുടെ ജോലിയുടെ അവസാന ദിനം.
ഇതേ വിമാനം പറത്തിയതാകട്ടെ മകൾ അഷ്റിതയും. വിമാനം ലാൻഡ് ചെയ്യുന്നതിന് പത്തു മിനിട്ട് മുമ്പാണ് പ്രധാനപൈലറ്റ് യാത്രക്കാരോട് പൂജയുടെ വിരമിക്കലിനെ കുറിച്ചു പറഞ്ഞത്. കരഘോഷത്തോടെയാണ് അവർ പൂജയുടെ യാത്രയയപ്പിനെ കുറിച്ച് കേട്ടിരുന്നത്.
മാധ്യമ വിദ്യാർഥിയായിരുന്ന പൂജയുട മകൾ അഷ്റിത 2016മുതലാണ് പൈലറ്റായി ജോലിയിൽ പ്രവേശിച്ചത്. അഷ്റിതയെ കുറിച്ച് പൂജ പറയുന്നതിങ്ങനെ. “ഞാൻ അവളോട് വെറുതെ ചോദിച്ചു പൈലറ്റാകാൻ താത്പര്യമുണ്ടോയെന്ന്. എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ പറഞ്ഞു എനിക്ക് ഇഷ്ടമാണെന്ന്.
അഷ്റിത പൈലറ്റാകുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കാനഡയിൽ നിന്നും പൈലറ്റ് ലൈസൻസ് ലഭിച്ച അഷ്റിതയെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു. എന്നാൽ എയർഇന്ത്യയിൽ ജോലി ചെയ്യുക എന്നതായിരുന്നു അവളുടെ സ്വപ്നം’.
ജോലിയിൽ നിന്നും താൻ വിരമിക്കുന്ന ദിവസം വിമാനം മകൾ പറപ്പിക്കണമെന്ന ആഗ്രഹം പൂജ മകളോട് പറഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ച്ച വിമാനത്താവളത്തിലെത്തിയപ്പോൾ മാത്രമാണ് ഏറെ നാളത്തെ ആഗ്രഹം മകൾ യാഥാർത്ഥ്യമാക്കിയെന്ന് പൂജ അറിഞ്ഞത്. അമ്മയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചതിൽ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്നും അതിനായി തന്നെ സഹായിച്ച എയർപോർട്ട് മാനേജ്മെന്റിനോട് അതിയായ നന്ദിയുണ്ടെന്നും അഷ്റിത പറയുന്നു.