വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്കുന്ന എയർഹോസ്റ്റസിന്റെ ചിരിയാണ്.
യാത്രക്കാരെ ആദരവോടെ സ്വാഗതം ചെയ്യണമെന്ന നിർദേശത്തിന്റെയും പരിശീലനത്തിന്റെയും ഭാഗമാണ് ആ ചിരിയെന്നാണ് എല്ലാവരും കരുതുന്നത്. അത് ശരിയാണു താനും. എന്നാൽ, അതിനു പിന്നിൽ മറ്റു ചിലതു കൂടി ഉണ്ടെന്നു ഫ്ലൈറ്റ് അറ്റൻഡന്റായ കാറ്റ് കമലാനി പറയുന്നു.
കൈകൂപ്പി വണങ്ങുന്നതിനൊപ്പം എയർഹോസ്റ്റസ് നമ്മളെ മൊത്തത്തിൽ വിലയിരുത്തുക കൂടി ചെയ്യുന്നുണ്ട്. “എബിപി’കളെ കണ്ടെത്താനാണത്.
എബിപി എന്നാൽ “able body person’. അതായത്, വിമാനത്തിലെ ജീവനക്കാരെ അടിയന്തിര സാഹചര്യങ്ങളിൽ സഹായിക്കാൻ കഴിയുന്ന ആൾ. വിമാനത്തിൽ ഒരു അടിയന്തര സാഹചര്യമുണ്ടായാൽ ജീവനക്കാരെ സഹായിക്കാൻ ആർക്കൊക്കെ കഴിയുമെന്ന് യാത്രക്കാർ കയറുന്പോൾതന്നെ അവർ നോക്കിവയ്ക്കുന്നു.
ഡോക്ടർമാർ, സൈനികർ, പൈലറ്റുമാർ, അഗ്നിരക്ഷാസേനാംഗങ്ങൾ, പോലീസുകാർ എന്നിവരെല്ലാം ഇതിൽ പെടുന്നു. വിമാനത്തിൽ ആർക്കെങ്കിലും വയ്യാതായാലോ, ലാൻഡിംഗ് സമയത്തോ മറ്റോ എന്തെങ്കിലും സംഭവിച്ചാലോ, സുരക്ഷാലംഘനം ഉണ്ടായാലോ ഇവരുടെ സഹായം തേടും.
മനുഷ്യക്കടത്ത് എളുപ്പത്തിൽ മനസിലാക്കാനും ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് പരിശീലനം നൽകാറുണ്ടെന്നു കമലാനി പറയുന്നു. ടിക്ടോക്കിൽ @katkamalani എന്ന പേരിലുള്ള ഇവരുടെ ഈ വീഡിയോ വൈറലായിരിക്കുകയാണ്.