ന്യൂഡൽഹി: ന്യൂഡൽഹിയിൽനിന്നു വിശാഖപട്ടണത്തേക്കു പുറപ്പെട്ട എയർഇന്ത്യ വിമാനത്തിനുനേരേ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് സംഭവം. വിശാഖപട്ടണത്ത് വിമാനം സുരക്ഷിതമായി നിലത്തിറക്കിയശേഷം പരിശോധിച്ചെങ്കിലും അപകടകരമായതൊന്നും കണ്ടെത്തിയില്ല. വിമാനത്തിൽ 107 യാത്രക്കാരുണ്ടായിരുന്നു.
ഡൽഹി പോലീസിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻതന്നെ എയർലൈനിലും വിശാഖപട്ടണം വിമാനത്താവളത്തിലും മുന്നറിയിപ്പ് നൽകി.
ഡൽഹി വിമാനത്താവളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും പരിശോധനയിൽ അത് തെറ്റായ കോളാണെന്നു കണ്ടെത്തിയെന്നും വിശാഖപട്ടണം എയർപോർട്ട് ഡയറക്ടർ എസ് രാജ റെഡ്ഡി പറഞ്ഞു.