ദുബായ് : ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവരുടെ കോവിഡ് പിസിആർ ടെസ്റ്റുകൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ദുബായിലേക്കുള്ള യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച കോവിഡ് പി സി ആർ നെഗറ്റീവ് ഫലം നിർബന്ധമാണ്.
അറിയിപ്പ് പ്രകാരം, യാത്രികർ ഹാജരാക്കുന്ന കോവിഡ് പിസ ആർ പരിശോധന ഫലത്തിന്റെ പകർപ്പിൽ, ഒറിജിനൽ ടെസ്റ്റ് റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന ക്യു ആർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്.
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനു പുറമെ, കോവിഡ് പിസിആർ പരിശോധനയ്ക്കായി സ്രവം സ്വീകരിച്ച തീയതി, സമയം, റിപ്പോർട്ട് തയാറാക്കിയ തീയതി, സമയം എന്നീ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഈ ക്യുആർകോഡ് തങ്ങളുടെ ഒറിജിനൽ പരിശോധനാ ഫലവുമായി ബന്ധിപ്പിച്ചുള്ളതായിരിക്കണമെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള