ന്യൂഡൽഹി: എയർ ഇന്ത്യ ഭീമമായ കടത്തിലാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. സ്വകാര്യ മേഖലയ്ക്കു കൈമാറേണ്ടി വരുമെന്ന് നേരിട്ടു പറയാതെ നിലവിലെ രീതിയിൽ മുന്നോട്ടു പോകാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. എയർഇന്ത്യ കടുത്ത കടക്കെണിയിലാണെന്നും പൊതു മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും പ്രൗഢിയോടെ പറക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നാണു മന്ത്രി പറഞ്ഞത്.
അതിനിടെ വിമാനങ്ങൾ വാങ്ങുന്നതിനായി എടുത്ത ഹ്രസ്വകാല വായ്പ തിരിച്ചടക്കുന്നതിനായി രണ്ട് വിമാനങ്ങൾ വിൽപനയ്ക്കു വച്ചു. 1700 കോടി രൂപ കണ്ടെത്തുന്നതിനായി ഡ്രീം ലൈനർ വിമാനങ്ങളായ ബോയിംഗ് 787, ബോയിംഗ് 800 എന്നിവയാണ് വിൽക്കുന്നത്. വിൽപനയ്ക്കു ശേഷം രണ്ട് വിമാനങ്ങളും പണയത്തിനെടുത്ത് സർവീസ് നടത്താനാണ് ആലോചിക്കുന്നത്. പന്ത്രണ്ട് വർഷത്തെ പണയ കാലാവധിയാണ് എയർ ഇന്ത്യ മുന്നോട്ടു വയ്ക്കുന്നത്.
എയർ ഇന്ത്യ മെച്ചപ്പെട്ട രീതിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, സാന്പത്തിക സ്ഥിതി ഒട്ടും മെച്ചമല്ല. കഴിഞ്ഞ വർഷത്തെ പ്രവർത്തനത്തിൽ നഷ്ടമൊന്നുമുണ്ടാക്കിയില്ലെങ്കിലും ലാഭം എന്നത് പേരിനുപോലുമില്ല. സർക്കാർ 23,000 കോടി രൂപ നൽകിയിട്ടും എയർ ഇന്ത്യ ഇപ്പോഴും കടത്തിൽ നിൽക്കുന്ന അവസ്ഥയാണ്. ഇതു തുടരുകയാണെങ്കിൽ അടച്ചു പൂട്ടേണ്ടി വരുന്നമെന്നുമാണ് ഒരു അഭിമുഖത്തിൽ മന്ത്രി പറഞ്ഞത്.
സ്വകാര്യവത്കരിക്കാൻ നീക്കമുണ്ടോ എന്ന ചോദ്യത്തിന് കടം വളരെ വലുതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിൽപനയ്ക്കു വെച്ചാൽ ഒരാൾ പോലും വാങ്ങാത്ത അവസ്ഥയാണ്. സോളമൻ രാജാവിന്റെ കാലത്ത് കുട്ടിയുടെ മേലുള്ള അവകാശത്തർക്കവുമായി വന്ന രണ്ടു സ്ത്രീകളുടെ കാര്യത്തിലുണ്ടായ തീർപ്പ് പോലൊരു തീർപ്പ് മാത്രമേ എയർ ഇന്ത്യയുടെ കാര്യത്തിലുള്ളു.
കുട്ടിയെ രണ്ടായി പകുക്കാൻ രാജാവ് കൽപ്പിച്ചു. അപ്പോൾ കുഞ്ഞ് ആരുടെ പക്കലായാലും ജീവിച്ചിരുന്നാൽ മതിയെന്ന് വിചാരിച്ച യഥാർഥ മാതാവ് കുട്ടിയെ വിട്ടു നൽകി. ഇതുപോലെ കുറച്ച് സാധ്യതകൾ മാത്രമാണ് മുന്നിലുള്ളത്. എയർഇന്ത്യ മരിക്കുന്നത് കാണാൻ തനിക്ക് ആഗ്രഹമില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ പണം എപ്പോഴും എയർഇന്ത്യയ്ക്കായി ചെലവഴിക്കാൻ പറ്റില്ല. എയർഇന്ത്യയുടെ ഷെയറുകൾ വിപണിയിൽ വച്ചാലും ആരും വാങ്ങാൻ വരില്ല. പിന്നെന്തു ചെയ്യും. ബാങ്കുകളുടെ ഒരു കണ്സോഷ്യത്തിന് എയർ ഇന്ത്യയുടെ നിശ്ചിത ഷെയറുകൾ നൽകുന്ന കാര്യം ആലോചനയിലുണ്ട്. അങ്ങനെ വന്നാൽ അത് കടക്കെണിയാവില്ല. വിചാരിച്ച പോലെ നടന്നാൽ ഒരു പക്ഷേ കരകയറിയേക്കാം.
ഇക്കാര്യത്തിൽ ബാങ്കുകളുമായി ചർച്ച പോലും നടത്തിയില്ലെന്നും മന്ത്രി പറഞ്ഞു. എയർഇന്ത്യ തന്നെ നേരിട്ട് ബാങ്കുകളെ ഇതിനായി സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുമേഖലയിൽ തന്നെ എയർ ഇന്ത്യയെ നിലനിർത്തണമെന്നും അത് തകർന്നാലും സ്വകാര്യവത്കരിക്കരുതെന്നുമാണ് ജനങ്ങൾ പറയുന്നത്. എന്നാൽ, എങ്ങനെയെങ്കിലും പ്രതിസന്ധി അതിജീവിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്: മന്ത്രി പറഞ്ഞു.