ആലപ്പുഴ: ജനങ്ങളിൽ കൗതുകം ഉയർത്തി റോഡിലൂടെ വിമാനം. തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കു ട്രെയിലറിൽ ദേശീയപാതയിലൂടെ നീങ്ങുന്ന വിമാനം കൗതുകക്കാഴ്ചയാണ് നൽകുന്നത്.
പലഭാഗത്തുനിന്നും റോഡിലൂടെ പോകുന്ന വിമാനം കാണാനും അതിനൊപ്പം നിന്നു ഫോട്ടോയെടുക്കാനും വലിയ ജനക്കൂട്ടമാണെത്തുന്നത്.
തിക്കും തിരക്കുമുള്ള ദേശീയപാതയിലൂടെ പോകുന്ന വിമാനത്തിന് വഴിയൊരുക്കാൻ പെടാപ്പാട് പെടുകയാണ് അധികൃതർ.
തിരുവനന്തപുരത്തുനിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ വിമാനഭാഗമാണ് ആലപ്പുഴയിലെത്തിയത്.
ചവറയിൽനിന്നെത്തിയ വിമാനം ആലപ്പുഴ ബൈപാസിന്റെ കൊമ്മാടി ടോൾപ്ലാസയിൽ നിർത്തിയിട്ടിരിക്കുകയാണ്. വളരെ സാവധാനമാണ് എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 പോകുന്നത്.
തിരുവനന്തപുരത്തുനിന്ന് ട്രെയിലറിലൂടെ യാത്ര തിരിച്ച വിമാനഭാഗം ഹൈദരാബാദിലെത്താൻ ഒരുമാസമെടുക്കും. രാത്രി മാത്രമേ വിമാനവുമായി സഞ്ചരിക്കാന്‍ അനുമതിയുള്ളൂ.
30 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. പകല്‍ വിശ്രമമാണ്. 30 വർഷത്തോളം സർവീസ് നടത്തിയ വിമാനമാണിത്.ആക്രിയായി വിറ്റ വിമാനം 75 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് സ്വന്തമാക്കിയിരുന്നു.
ഭക്ഷണശാലയാക്കാനായാണ് ഇതു ലേലത്തിനെടുത്തത്. ചവറ പാലത്തിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയാണ് വിമാനത്തിന്റെ യാത്ര.
വിമാനത്തിന്റെ വശങ്ങളിലെയും മുകളിലെയും ചിറകുകളും പിന്നാലെ വരും. ഈ വിമാനത്തിന്റെ ചിറക് ബാലരാമപുരത്തുവച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ച് അപകടമുണ്ടാക്കുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തിയിരുന്നു.