ന്യൂഡൽഹി: എയർ ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് ആകുലപ്പെട്ട് ഏവിയേഷൻ കൺസൾട്ടൻസി കന്പനിയായ സെന്റർ ഓഫ് ഏഷ്യ പസഫിക് ഏവിയേഷൻ (സിഎപിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പു നല്കി.
എത്രയും വേഗം എയർ ഇന്ത്യ വാങ്ങാനുള്ളവരെ കണ്ടെത്തണം അല്ലാത്തപക്ഷം അടുത്ത രണ്ടു വർഷത്തിനുള്ളിൽ കടം 150 – 200 കോടി ഡോളർ (9,900-13,500 കോടി രൂപ) വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. നഷ്ടം ഉയരുന്നതോടെ വിഭജിച്ചു വിൽക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നും അതോടെ വിമാനക്കന്പനി പൂട്ടേണ്ടിവരുമെന്നുമാണ് സിഎപിഎ പറയുന്നത്.
വലിയ നഷ്ടത്തിൽ കിടക്കുന്നതിനാൽ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ തയാറാകുന്നവർക്ക് പുനഃക്രമീകരണം നടത്തി വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ നിരവധി വർഷങ്ങൾ വേണ്ടിവരും. ഏറ്റെടുക്കുന്ന 76 ശതമാനം ഓഹരികൾക്കൊപ്പം അധികം ചെലവും പുതിയ ഉടമകൾക്കുണ്ടാകുമെന്നും സിഎപിഎ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ മാർച്ച് 28നാണ് എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും സ്വകാര്യ കമ്പനികൾക്കു കൈമാറാമെന്ന തീരുമാനം കേന്ദ്രസർക്കാർ മുന്നോട്ടുവച്ചത്.