കൊച്ചി: സമരം ഒത്തുതീര്‍പ്പായി എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ച് തുടങ്ങിയെങ്കിലും നെടുമ്പാശേരി, കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളില്നിന്നുളള സര്‍വീസുകള്‍ ഇന്നും മുടങ്ങി. രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം, 8.50ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് നെടുന്പാശേരിയിൽ റദ്ദാക്കിയത്.air
കണ്ണൂരിൽ ഇന്നലെ അർധരാത്രി മുതൽ ഇന്ന് ഉച്ചവരെയുള്ള ആറ് സർവീസുകൾ റദ്ദാക്കി. വിമാന സർവീസ് സാധാരണനിലയിലാകാത്തതിനാൽ യാത്രാദുരിതം തുടരുകയാണ്.എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരുടെ സംഘടനയും തമ്മില്‍ ഡൽഹിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്.
ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിന്വലിക്കുമെന്നതടക്കം സമരക്കാരുടെ ആവശ്യങ്ങളിൽ മാനേജ്മെന്റ് ഉറപ്പ് നല്‍കിയതോടെ ജീവനക്കാര്‍ സമരം പിന്‍വലിക്കുകയായിരുന്നു. കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി ജോലിക്ക് കയറിത്തുടങ്ങിയതോടെ സര്‍വീസുകളുടെ ക്രമീകരണങ്ങള്‍ തുടങ്ങിയെങ്കിലും സര്‍വീസുകൾ പഴയരീതിയിലാകാൻ രണ്ടു ദിവസമെടുക്കുമെന്നാണു സൂചന.
അതേസമയം, കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു മുടങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഇന്നു വൈകുന്നേരം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ അർധരാത്രി മുതൽ ഇന്ന് ഉച്ചവരെയുള്ള ആറ് സർവീസുകൾ ഇവിടെ റദ്ദാക്കിയിരുന്നു.
മസ്ക്കറ്റ്, ഷാർജ, റിയാദ്, ദുബായ്, ദമാം, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. വൈകുന്നേരം നാലരയ്ക്ക് ഷാർജയിലേക്കും 8.10ന് ദുബായിലേക്കും സർവീസ് നടത്തും. ഇന്നലെ 12 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം പ്രവാസികള്‍ക്കടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.