വിമാനത്തിൽ ജീവനക്കാരെ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെതിരെ കേസ്. ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ യാത്ര തടസ്സപ്പെടുത്തുകയും വനിതാ ക്യാബിൻ ക്രൂവിന് നേരെ മോശം ഭാഷ പറയുകയും ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 509, എയർക്രാഫ്റ്റ് റൂൾസ് 22/23 എന്നിവ പ്രകാരമാണ് ഒക്ടോബർ ഒന്നിന് ഡൽഹിയിലെ ഐജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ വനിതാ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരാളുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്.
ഐഎഎൻഎസ് ആക്സസ് ചെയ്ത എഫ്ഐആർ പ്രകാരം ജലന്ധർ നിവാസിയായ യാത്രക്കാരന് ഫ്ലൈറ്റ് എഐ 102-ൽ ആദ്യം സീറ്റ് നമ്പർ 21 ബി നൽകിയിരുന്നു. എന്നാൽ പിന്നീട് സീറ്റ് നമ്പർ 45 എച്ച്-ൽ ഇരുന്നു. അവിടെ ഇരുന്ന് അയാൾ അശ്ലീലം കാണിക്കുകയും സഹയാത്രികരെ അസഭ്യം പറയുകയും ചെയ്തു.
ക്യാബിൻ സൂപ്പർവൈസർ അയാൾക്ക് മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും അയാൾ ശല്യപ്പെടുത്തുന്നത് തുടർന്നുകൊണ്ടിരുന്നെന്നും പരാതിക്കാരി പറഞ്ഞു.