നെടുമ്പാശേരി: കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽനിന്നു നാവികസേന എയർ ലിഫ്റ്റിംഗിലൂടെ ആശുപത്രിയിലെത്തിച്ച യുവതി ജന്മം നൽകിയ സുബ്ഹാന് ഒന്നാം പിറന്നാൾ. എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം കൊണ്ടോട്ടിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 17നായിരുന്നു പ്രളയഭീകരത വ്യക്തമാക്കുന്ന നാവികസേനയുടെ രക്ഷാപ്രവർത്തനവും സുബ്ഹാന്റെ ജനനവും.
പ്രളയത്തിന്റെ ഒന്നാം വാർഷികമാചരിക്കുന്പോൾ ഈ കുസൃതിക്കുരുന്നിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കുകയാണു ബന്ധുക്കളും നാട്ടുകാരും. ആശംസ നേരാൻ ഇന്നലെ എത്തിയവർക്കെല്ലാം വീട്ടുകാർ മധുരം നൽകി. എയർ ലിഫ്റ്റിംഗിനു നേതൃത്വം നൽകിയ നാവികസേനാ ഫ്ലൈറ്റ് കമാൻഡർ വിജയ് വർമയും ഡോ. തമന്നയും ആശംസകളർപ്പിക്കാനെത്തിയതു പിറന്നാളിന് ഇരട്ടിമധുരമായി.
ചെങ്ങമനാട് പനയക്കടവ് സ്വദേശി ജബിൽ-സാജിത ദന്പതികളുടെ മകനാണ് സുബ്ഹാൻ. പ്രളയജലം പെരുകിവരുന്ന സമയത്തു തന്റെ മൂന്നാമത്തെ പ്രസവത്തിനായി കൊണ്ടോട്ടിയിലെ കൂരകത്ത് വീട്ടിലായിരുന്നു സാജിത. ഓഗസ്റ്റ് 15ന് ഉച്ചയോടെ ഇവരുടെ വീടിന്റെ സമീപപ്രദേശങ്ങളില്‍ വെള്ളം കയറാന്‍ തുടങ്ങിയിരുന്നു. വൈകുന്നേരം 4.30-ഓടെ വീട്ടുമുറ്റത്തു വെള്ളമെത്തി.
ജലനിരപ്പു വീണ്ടും ഉയരുന്നതു കണ്ടു രാത്രി ഏഴോടെ, പൂർണഗര്‍ഭിണിയായ സാജിതയെയും കൂട്ടി കുടുംബം ചൊവ്വരയിലെ ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ ക്യാമ്പിലേക്കു മാറി. പ്രദേശത്തെ മുഴുവന്‍ ആളുകളും അവിടെയാണ് അഭയം തേടിയിരുന്നത്. പിറ്റേന്നും അവിടെത്തന്നെ കഴിഞ്ഞു. 17നു രാവിലെ പള്ളിയുടെ അകത്തേക്കു വെള്ളം കയറാന്‍ തുടങ്ങി. അതിനിടെ സാജിതയ്ക്കു പ്രസവവേദനയും ആരംഭിച്ചു. റോഡ് ഗതാഗതം തടസപ്പെട്ടിരുന്നതിനാൽ മറ്റൊരിടത്തേക്കു പോകാൻ മാര്‍ഗമില്ലായിരുന്നു.
രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെ വൈപ്പിന്‍കരയിലുള്ള സാജിതയുടെ ഒരു ബന്ധു നേവിയുമായി ബന്ധപ്പെട്ടു സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചു. നിമിഷങ്ങള്‍ക്കകം നേവിയുടെ ഹെലികോപ്റ്റര്‍ സാജിത കഴിയുന്ന മദ്രസയുടെ മുകളിലെത്തി. ഇവിടെയുള്ള മസ്ജിദായിരുന്നു നാവികസേനയ്ക്കുള്ള ഏക അടയാളം.
ഹെലികോപ്ടറിൽ ഇരുന്നു ഗർഭിണിയുണ്ടോ എന്ന് ആംഗ്യഭാഷയിൽ കെട്ടിടങ്ങളുടെ ടെറസിൽ നിന്നവരോടു ചോദിച്ചാണു സാജിതയെ കണ്ടെത്തുന്നത്. ലാൻഡ് ചെയ്യാൻ പറ്റാത്തതിനാൽ കയറിൽ തൂങ്ങി ഡോക്ടറും കമാൻഡറും ഇറങ്ങി. സാജിതയെ പരിശോധിച്ച ഡോക്ടർ ഉടൻ ആശുപത്രിയിലെത്തിക്കണമെന്നു നിർദേശിച്ചു. തുടർന്ന് എയർ ലിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു. പൂർണഗർഭിണിയെ കയറിൽ തൂക്കി ഹെലികോപ്റ്ററിലേക്ക് ഉയർത്തി. കേരളം ആ കാഴ്ച കണ്ടു കൈകൂപ്പിനിന്നു.
17നു രാവിലെ ഒൻപതിന് തേവരയിലെ നേവിയുടെ സഞ്ജീവനി ആശുപത്രിയിലെത്തിച്ച സാജിത ഉച്ചകഴിഞ്ഞു 2.15ന് ആൺകുഞ്ഞിനു ജന്മമേകി. ആശുപത്രിയുടെ പേരായ സഞ്ജീവനി എന്നു കുട്ടിക്കു നേവി ഉദ്യോഗസ്ഥര്‍ പേരുമിട്ടു. വീട്ടുകാർ പിന്നീട് ആ പേര് മുഹമ്മദ് സുബ്ഹാന് എന്നാക്കി. നഈം, നുഐം എന്നിവരാണു സുബ്ഹാമിന്റെ സഹോദരങ്ങൾ.
തന്റെ 25 വർഷത്തെ സർവീസിനിടയിൽ ഏറ്റവും വെല്ലുവിളി നേരിട്ട രക്ഷാപ്രവർത്തനമായിരുന്നു സാജിതയുടെ എയർ ലിഫ്റ്റിംഗ് എന്നു വിജയ് വർമ പറഞ്ഞു. നടുക്കത്തോടെയും അതിലുപരി സന്തോഷത്തോടെയുമാണു സാജിത അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുന്നത്. തന്റെ മകനെ ഒരു മനുഷ്യസ്നേഹിയായി വളർത്തുമെന്ന് ഈ അമ്മ പറയുന്നു.