കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ആഘോഷവേളകളില്‍ രാജ്യ തലസ്ഥാനത്തുനിന്നു നാട്ടിലേക്ക് വിമാനം കയറാന്‍ കീശ കീറും. അഞ്ച് ലക്ഷത്തിലധികം മലയാളികളുള്ള ന്യൂഡല്‍ഹിയില്‍ നിന്ന് ഇത്തവണ ക്രിസ്മസിന് നാട്ടില്‍ പോകുന്നവരുടെ പോക്കറ്റ് കാലിയാകും.
ന്യൂഡല്‍ഹിയില്‍ നിന്നു കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് തുടങ്ങുന്നതു തന്നെ നേരത്തെ ഉണ്ടായിരുന്ന ചാർജിന്റെ ഇരട്ടിയില്‍ അധികമായാണ്. അയ്യായിരം രൂപയ്ക്കുള്ളിലുണ്ടായിരുന്ന ടിക്കറ്റ് ഇപ്പോള്‍ തുടങ്ങുന്നത് പന്ത്രണ്ടായിരം രൂപയ്ക്കാണ്.
ക്രിസ്മസിന് അടുത്ത ദിവസങ്ങളിലാണ് യാത്രയെങ്കില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റിന് 32,000 രൂപ വരെ നല്‍കണം.തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കും തുടങ്ങുന്നത് 13,000 രൂപയിലാണ്. 26,000 വരെ ഈ ആഴ്ചത്തെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്.
കൊച്ചിക്കുള്ള ടിക്കറ്റും സമാന നിരക്കാണ് പന്ത്രണ്ടായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് നിരക്ക്. വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരും.
ടിക്കറ്റ് നിരക്ക് നിര്‍ണയത്തിനുള്ള പൂര്‍ണ അധികാരം വിമാന കമ്പനികള്‍ക്ക് നല്‍കിയതാണ് നിരക്ക് ഇത്രയും ഉയരാന്‍ കാരണം. ഉത്സവകാലത്തെ ചൂഷണത്തിനുള്ള അവസരമായി വിമാന കമ്പനികള്‍ കാണുന്ന അവസ്ഥയ്ക്ക് ഇത്തവണയും മാറ്റമില്ല.