കൊച്ചി: വിമാന ടിക്കറ്റ് ബുക്കിംഗിന്റെ മറവില്‍ 25ലധികം പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ട്രാവല്‍ ഏജന്‍സി ഉടമയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എളംകുളം മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന സൈറ ഇന്റര്‍നാഷണല്‍ സ്ഥാപനത്തിന്റെ ഉടമ ഷിനോയിയെ കണ്ടെത്തുന്നതിനായാണ് എറണാകുളം സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
ഇയാളുടെ ഭാര്യയും സ്ഥാപനത്തിന്റെ മാനേജറുമായ നോര്‍ത്ത് പറവൂര്‍ കൈതാരം കാണിയേത്ത് വീട്ടില്‍ ഉണ്ണിമായയെ (27) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സൈറ ഇന്റര്‍നാഷണലിന്റെ ആസ്ഥാന ഓഫീസ് രവിപുരത്താണ്. സ്ഥാപനത്തിനെതിരെ ലഭിച്ച നാലു പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലണ്ടനിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റെടുത്തു നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ പണം വാങ്ങിയത്. കസ്റ്റമര്‍ പറയുന്ന തീയതിയ്ക്ക് നാലു ദിവസം മുമ്പോ ശേഷമോ ആണ് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയിരുന്നത്.
എന്നാല്‍ കസ്റ്റമര്‍ ഇക്കാര്യം ചോദ്യം ചെയ്താല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടി വരുമെന്ന് പറയും. കൊടുത്ത പണം ആവശ്യപ്പെട്ടാല്‍ കാന്‍സല്‍ ചെയ്ത് 70 ദിവസത്തിനു ശേഷം ലഭിക്കുമെന്ന മറുപടിയാണ് നല്‍കുക. അല്ലെങ്കില്‍ 50 ശതമാനം തുകയേ തിരിച്ചു കിട്ടൂ എന്നും പറയും. ചിലരോട് ഒരു രൂപ പോലും തിരികെ കിട്ടില്ലെന്നും പറഞ്ഞിരുന്നു.