കണ്ണൂർ: വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ ഇന്ന് ചുമതലയേൽക്കുന്പോൾ വാനോളം ആഹ്ലാദവുമായി ജന്മനാട്. ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയാണ് കണ്ണൂർ കാടാച്ചിറ മാളികപറമ്പിൽ പരേതനായ സ്ക്വാഡ്രൺ ലീഡർ പത്മനാഭൻ നമ്പ്യാരുടെയും ആയില്യത്ത് രാധാ നനമ്പ്യായാരുടെയും മകനായ രഘുനാഥ് നമ്പ്യാർ.
കഴിഞ്ഞവർഷം ഫെബ്രുവരി 29ന് കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ ഡോണിയർ- 228 വിമാനത്തിന്റെ പൈലറ്റ് അദ്ദേഹമായിരുന്നു. ജന്മനാട്ടിൽ ആദ്യമായി വിമാനമിറക്കി കൃത്യം ഒരു വർഷം പിന്നിടുമ്പോൾ വ്യോമസേനയുടെ അത്യുന്നത പദവികളിലൊന്ന് അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ഷില്ലോംഗിൽ കിഴക്കൻ എയർ കമാൻഡിന്റെ ചുമതലയുള്ള സീനിയർ സ്റ്റാഫ് ഓഫീസർ ആയിരിക്കേയാണ് നിയമനം.
വ്യോമസേനയുടെ ബജറ്റ്, ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണം എന്നിവയുടെ ചുമതലയാണ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്റേത്. ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ വാർഷിക ബജറ്റാണ് വ്യോമസേനയ്ക്കുള്ളത്. ബംഗളൂരുവിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി 1980 ലാണ് വ്യോമസനയിലെത്തിയത്.
35 ഓളം യുദ്ധവിമാനങ്ങൾ, യാത്രാവിമാനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവ 4700 മണിക്കൂർ പറത്തിയ രഘുനാഥ് നന്പ്യാർ മികവ് തെളിയിച്ച ടെസ്റ്റ് പൈലറ്റായിട്ടാണ് അറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ മണിക്കൂറുകൾ മിറാഷ് 2000 വിമാനം പറത്തിയതിന്റെ റിക്കാർഡും അദ്ദേഹത്തിനാണ്. 1999 ലെ കാർഗിൽ യുദ്ധത്തിൽ ടൈഗർ ഹില്ലിലെ വ്യോമാക്രമണത്തിന് നേതൃത്വം നൽകി. അതിവിശിഷ്ട സേവാമെഡൽ, വായുസേനാ മെഡൽ, കാർഗിൽ യുദ്ധത്തിലെ ധീരതയ്ക്ക് പ്രത്യേക മെഡൽ, ബാർ ടു ദി വായുസേനാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.
ആകാശം ജീവിതമാക്കിയ കുടുംബമാണ് രഘുനാഥ് നമ്പ്യാരുടേത്. എയർഫോഴ്സിൽ നാവിഗേറ്ററായിരുന്നു പിതാവ് പത്മനാഭൻ നമ്പ്യാർ. അച്ഛന്റെ പാത പിന്തുടർന്ന് രഘുനാഥ് നന്പ്യാരും എയർഫോഴ്സിലെത്തി. രഘുനാഥ് നമ്പ്യാരുടെ ഏകമകനും ആകാശം തന്നെ ജീവിതമായി തെരഞ്ഞെടുത്തിരിക്കുകയാണ്. സ്വകാര്യ കന്പനിയിൽ പൈലറ്റാണ് മകൻ അശ്വിൻ. എകെജിയുടെ തറവാടായ ആയില്യത്ത് കുടുംബാംഗമാണ് അമ്മ രാധ. ലക്ഷ്മിയാണ് ഭാര്യ. വ്യവസായിയായ യദുനാഥ് നമ്പ്യാരും ഗീതാ നായരുമാണ് സഹോദരങ്ങൾ.