ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രം ധരിക്കാതെ യുവതിയെ വിമാനത്തിൽ യാത്ര ചെയ്യുവാൻ അനുവദിക്കില്ലെന്ന് ജീവനക്കാർ. സ്വദേശമായ സ്പെയിനിലെ ടെനെറിഫിൽ നിന്ന് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലേക്കുള്ള യാത്രയിലാണ് എമിലി ഒ’കോണർ എന്ന ഇരുപത്തിയൊന്നുകാരിക്ക് തോമസ് കുക്ക് എയർലൈൻസ് ജീവനക്കാരിൽ നിന്നും ദുരനുഭവമുണ്ടായത്.
ക്രോപ്പ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്സുമായിരുന്നു എമിലി ധരിച്ചത്. ഇതേത്തുടർന്ന് എമിലിയെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ജീവനക്കാർ ശരീരം മറയ്ക്കുന്ന വസ്ത്രം ധരിച്ചാൽ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളു എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
തന്റെ വസ്ത്രധാരണം കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് എമിലി യാത്രക്കാരോട് ചോദിച്ചുവെങ്കിലും ആരും മറുപടിയും നൽകിയിരുന്നില്ല. എമിലിയും ജീവനക്കാരും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമായതോടെ വിമാനത്തിലുണ്ടായിരുന്ന യുവതിയുടെ ബന്ധു എമിലിക്ക് ഒരു ജാക്കറ്റ് നൽകിയിരുന്നു.
തുടർന്ന് സംഭവം എമിലി തന്നെയാണ് ട്വീറ്ററിൽ കൂടി പുറത്തു വിട്ടത്. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മോശകരമായ അനുഭവമായിരുന്നു ഇതെന്ന് എമിലി കുറിച്ചു. എമിലിക്ക് പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധനേടിയപ്പോൾ ക്ഷമാപണവുമായി തോമസ് കുക്ക് എയർലൈൻസ് രംഗത്തെത്തിയിരുന്നു.