ന്യൂഡൽഹി: വായുമലിനീകരണത്തെത്തുടർന്ന് ഇന്ത്യയിലെ പത്തു നഗരങ്ങളിലായി ഒരു വർഷം മരിക്കുന്നത് 33,000ലേറെ പേരെന്നു പഠനറിപ്പോർട്ട്.
മാരകരോഗങ്ങൾക്ക് അടിപ്പെട്ടാണു അന്ത്യം സംഭവിക്കുന്നത്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കോൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നീ നഗരങ്ങളിലാണു പഠനം നടത്തിയത്. 2008-2019 ഇടയിൽ സംഭവിച്ച മരണങ്ങൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓരോ ക്യുബിക് മീറ്റർ വായുവിലും 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തേക്കാൾ ഉയർന്നതാണ് ഇന്ത്യൻ നഗരങ്ങളിലെ വായുമലിനീകരണം.
അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടുതലും ഡൽഹിയിലാണു രേഖപ്പെടുത്തിയത്. 12,000ഓളം മരണങ്ങൾ ഇവിടെ മാത്രമുണ്ടായി.
ബംഗളൂരുവിൽ 2,100, ചെന്നൈയിൽ 2,900, കോൽക്കത്തയിൽ 4,700, മുംബൈയിൽ 5,100 എന്നിങ്ങനെയാണു മരണക്കണക്ക്. അശോക യൂണിവേഴ്സിറ്റി, ക്രോണിക് ഡിസീസ് കൺട്രോൾ സെന്റർ, സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്, ഹാർവാർഡ്, ബോസ്റ്റൺ സർവകലാശാലകൾ എന്നിവിടങ്ങളിലെ ഗവേഷകരാണു പഠനം നടത്തിയത്.