ഊണിന് അഞ്ചു രൂപ, ചിക്കന്‍ കറിയ്ക്കും മീന്‍ കറിയ്ക്കും പത്ത് രൂപ! എയര്‍പോര്‍ട്ട് കാന്റീനില്‍ തന്നെയാണോ ഇതെന്ന് മലയാളികള്‍; തുച്ഛമായ വിലയ്ക്ക് ഭക്ഷണം നല്‍കുന്നതിന്റെ കാരണമിത്

കേരളത്തില്‍ ഭക്ഷണത്തിന് ഏറ്റവും കൂടുതല്‍ വിലയീടാക്കുന്ന സ്ഥലം എന്ന പേരുദോഷം കേട്ടവരാണ് എയര്‍പോര്‍ട്ടിലെ കാന്റീന്‍. കഴുത്തറുക്കുന്ന വില എന്ന നിലയില്‍ ഇവിടുത്തെ കാന്റീന്‍ കുപ്രസിദ്ധി നേടിയിരുന്നു. അടുത്തനാളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെ കോഫി ഷോപ്പില്‍ നിന്ന് ഭക്ഷണം കഴിച്ച് ‘പണികിട്ടി’യെന്ന കാര്യം നടി അനുശ്രീയടക്കം നിരവധിയാളുകള്‍ ബില്ല് സഹിതം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ഞെട്ടിയിരിക്കുന്നത് കൊച്ചി എയര്‍പോര്‍ട്ടിലെ പബ്ലിക് കാന്റീനിലെ വില കേട്ടാണ്. കാരണം ഇതാണ്. പുറത്തെ ഹോട്ടലിലേക്കാള്‍ സ്വാദിഷ്ടമായ ഊണിന് 55 രൂപ. ഇനി എയര്‍പോര്‍ട്ടിലെ സ്റ്റാഫിനാണെങ്കിലോ ടാക്‌സ് അടക്കം ആറ് രൂപ മാത്രമാണ് ഒരൂണിന് നല്‍കേണ്ടി വരുക. മുമ്പ് 20 രൂപയായിരുന്നു ഇവര്‍ നല്‍കേണ്ടിയിരുന്ന തുക.

സ്‌പെഷല്‍ ആയി ചിക്കന്‍ കറിയോ മീന്‍ കറിയോ വാങ്ങേണ്ടി വന്നാല്‍ പത്തുരൂപ കൂടുതലായി നല്‍കണം. എയര്‍പോര്‍ട്ടിന്റെ പ്രധാന വാതിലിന് അടുത്തായി തന്നെയാണ് സ്വാകാര്യ ഹോട്ടല്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് കാന്റീന്‍ ഉള്ളത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് വന്‍തുക നല്‍കേണ്ടി വന്ന താരങ്ങളുടെ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിലെ ഭക്ഷണത്തിന്റെ കുറഞ്ഞ നിരക്കും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. കാന്റീന്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ട വെള്ളവും വൈദ്യുതിയും സൗജന്യമായി സിയാലില്‍ ലഭിക്കുന്നു എന്നത് ഇത്ര തുച്ഛമായ വിലയ്ക്ക് ഭക്ഷണം നല്‍കാന്‍ ഇവരെ സഹായിക്കുന്നതെന്നും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു. പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ടാണിത്.

Related posts