പത്തനംതിട്ട: ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ നിന്ന് ബിലിവേഴ്സ് ചര്‍ച്ച് വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളത്തിനാവശ്യമായ ഭൂമി കണ്ടെത്താനുള്ള നീക്കം സര്‍ക്കാര്‍ ഭൂമി അനധികൃതമായി മറിച്ചുവില്പന നടത്തിയതിനെ ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപണം. വിമാനത്താവളത്തിനാവശ്യമായ ഭൂമി ചെറുവള്ളി എസ്റ്റേറ്റില്‍ നിന്നും വിട്ടുനല്‍കാമെന്ന ഉടമകളുടെ പ്രസ്താവനയ്ക്കു പിന്നിലും ദുരൂഹതയുണ്ട്. 3000 ഏക്കറോളം വരുന്ന ഭൂമിയില്‍ നിന്ന് 500 ഏക്കര്‍ മാറ്റിയാല്‍ തന്നെ അവശേഷിക്കുന്ന ഭൂമിയുടെ മേലുള്ള തര്‍ക്കങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് കൈമാറ്റക്കാര്ക്കുള്ളതെന്ന് വിവിധ ഭൂസമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഹാരിസണ്‍ മലയാളം, ടിആര്‍ ആന്‍ഡ് ടി, എവിടി, ടാറ്റ തുടങ്ങിയ വന്‍കിട കോര്‍പറേറ്റുകള്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്ന ഭൂമി തിരികെപിടിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യത്തിന്റെ റിപ്പോര്ട്ടിന്മേല് പരാമര്‍ശിച്ച ഏഴുലക്ഷം ഏക്കര്‍ ഭൂമി തോട്ടം ഉടമകള്‍ക്ക് തിരിച്ചു കിട്ടുന്നതിലൂടെ ശതകോടികളുടെ ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ഭൂസരമസമിതി നേതാക്കള്‍ പറഞ്ഞു.
ഹാരിസണ്‍ മലയാളം അനധികൃതമായി കൈവശം വയ്ക്കുന്നതും മറിച്ചുവിറ്റതുമായ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുന്നതിന് സ്പെഷല്‍ ഓഫീസര്‍ നല്കിയ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസണും ഭൂമി വാങ്ങിയവരും ഉള്‍പ്പെടെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി സിംഗിള്‍ബഞ്ച് തള്ളുകയും ഡിവിഷന്ബഞ്ചിന്റെ പരിഗണനയിലുമിരിക്കവേയാണ് പൂര്‍ണമായി സര്‍ക്കാരില്‍ നിഷിപ്തമാകേണ്ട ചെറുവള്ളി എസ്റ്റേറ്റ് ഭൂമിക്കു നിയമവിരുദ്ധമായി കൈവശംവച്ചുവരുന്നവര്ക്ക് ഭൂമിയില്‍ അവകാശം നിലനിര്‍ത്തിക്കൊണ്ട് വിമാനത്താവളത്തിനു വിട്ടുകൊടുത്ത് ഓഹരി ഉടമയാക്കുന്നതിനും 2000 ഏക്കറിനു നിയമസാധുത നേടിയെടുക്കുന്നതിനും ശ്രമം നടക്കുന്നതെന്ന് സമിതി ആരോപിച്ചു.
സംസ്ഥാനത്തു ഭൂമിയില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും ഭൂമി നല്കുകയെന്നതിനായിരിക്കണം മുന്‍ഗണനയെന്നും സമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭൂമിയായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങള്‍ ആ നിലയില്‍ സംരക്ഷിക്കപ്പെടണം. തോട്ടം ഉടമകള്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഭൂമി തിരികെപിടിക്കുന്നതിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരന് മുതല്‍ രാജമാണിക്യംവരെയുള്ളവരെ നിയമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും ഇതിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ച കോടിക്കണക്കിനു രൂപയുമെല്ലാം പാഴ് വേലയാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്നും ഭൂസമരസമിതി നേതാക്കള്‍ പറഞ്ഞു.
അരിപ്പ് ഭൂസമരസമിതി കണ്‍വീനര്‍ ശ്രീരാമന് കൊയ്യോന്‍, ടിആര്‍ ആന്‍ഡ് ടി സമരസമിതി കണ്‍വീനര്‍ പ്രഫ.റോണി കെ.ബേബി, എഡിഎംഎസ് സെക്രട്ടറി രതീഷ് ടി.ഗോപി, പ്രസിഡന്റ് ടി. ശശി, ജില്ലാ സെക്രട്ടറി ഷിജോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.