കോഴിക്കോട്: സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളില്‍ നിന്ന് ഈ മാസത്തെ ആദ്യ രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം. കരിപ്പൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നാണ് ഇത്രയേറെ സ്വര്‍ണം പിടിച്ചെടുത്തത്.
17 കിലോ സ്വര്‍ണമാണ് വിവിധ രൂപത്തില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെടുത്തത്. സ്വര്‍ണത്തിനു പുറമേ 19 ഐ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈ ഫ്രൂട്ട്സ്, ഫേസ് ക്രീം, പാദരക്ഷകള്‍, വാക്വം ക്ലീനര്‍ തുടങ്ങിയ സാധനങ്ങളില്‍ ഒളിപ്പിച്ചാണ് മിക്ക സംഭവങ്ങളിലും സ്വര്‍ണം കടത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.
സ്വര്‍ണം മിശ്രിതമാക്കിയും ഗുളിക രൂപത്തിലാക്കിയും ശരീരത്തിലെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണവും പിടിച്ചെടുത്തില്പെടും. സ്വര്‍ണ ലായിനിയില്‍ മുക്കിയ വസ്ത്രങ്ങളും ബെഡ്ഷീറ്റും കസ്റ്റംസ് കണ്ടെടുത്തിരുന്നു. വിമാനത്താവളത്തില്‍ ചില പ്രത്യേക സ്ഥലത്ത് ഒളിപ്പിച്ചുവച്ച സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.കള്ളക്കടത്തിനു സഹായം ചെയ്തവടക്കമുള്ളവര്ക്കെതിരേ കേസെടുത്ത് അനേ്വഷണം നടന്നുവരികയാണ്.
ഗള്‍ഫ് നാടുകളില്‍ നിന്നാണ് പ്രധാനമായും വിമാനത്താവളങ്ങളില്‍ സ്വര്‍ണം എത്തുന്നത്. കോഴിക്കോട്ടും കൊച്ചിയിലുമാണ് ഏറെയും സ്വര്‍ണവേട്ട നടന്നത്.