ബെയ്ജിംഗിൽ പുതിയതായി നിർമിച്ച ഡാക്സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് നിർവഹിച്ചു. നക്ഷത്രമത്സ്യത്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാണ്. ആദ്യവിമാനം പുറപ്പെടാൻ 30 മിനിട്ടു വൈകിയത് ഉദ്ഘാടത്തിന്റെ നിറം കെടുത്തി.
കമ്യൂണിസ്റ്റ് ഭരണം ആരംഭിച്ചതിന്റെ എഴുപതാം വാർഷികത്തിനു മുന്നോടിയായിട്ടാണ് പുതിയ വിമാനത്താവളം തുറന്നത്. ബെയ്ജിംഗിലെ കാപിറ്റൽ ഇന്റർനാഷണൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കു വർധിച്ച സാഹചര്യത്തിലാണ് പുതിയത് പണികഴിപ്പിച്ചത്. ഡാക്സിംഗ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ 2040 വരെ കാത്തിരിക്കണം. അപ്പോഴേക്കും വർഷം 100 മില്യൻ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കും.
ഏഴു ലക്ഷം ചതുരശ്ര മീറ്ററാണു (173 ഏക്കർ) വിസ്തീർണം. 100 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലുപ്പം വരുമിത്. 1750 കോടി ഡോളർ നിർമാണച്ചെലവു വന്ന വിമാനത്താവളത്തിന്റെ രൂപകല്പന നിർവഹിച്ചത് ഇറാക്കിൽ ജനിച്ച സഹാ ഹദീദ് എന്ന വനിതാ ആർക്കിടെക്ടാണ്. വിമാനത്താവളത്തിന്റെ അടിയിൽ മെട്രോ ട്രെയിൻ സ്റ്റേഷനുണ്ട്.