ബെർലിൻ: ജർമനിയിലെ ഹാംബർഗിൽ നാലു വയസുള്ള മകളെ ബന്ദിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.18 മണിക്കൂർ നീണ്ട ബന്ദിനാടകം ഇതോടെ അവസാനിച്ചു.
കുട്ടിയുടെ അവകാശം സംബന്ധിച്ച തർക്കമാണ് മകളെ ബന്ദിയാക്കാൻ മുപ്പത്തഞ്ചുകാരനെ പ്രേരിപ്പിച്ചതെന്ന സൂചനയുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ സർവീസുകൾ റദ്ദാക്കിയിരുന്നു.
പ്രാദേശികസമയം ശനിയാഴ്ച രാത്രി എട്ടിന് മകളുമായി കാറിലെത്തിയ യുവാവ് സുരക്ഷാ തടസം മറികടന്ന് വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് ഓടിച്ചുപോകുകയായിരുന്നു. കാറിൽനിന്ന് ആകാശത്തേക്ക് രണ്ടു തവണ വെടിയുതിർക്കുകയും തീകത്തുന്ന കുപ്പികൾ പുറത്തേക്കെറിയുകയുമുണ്ടായി.
വൻ സുരക്ഷാസംഘം വിമാനത്താവളം വളഞ്ഞിരുന്നു. മനഃശാസ്ത്രജ്ഞർ അടക്കമുള്ളവർ കുട്ടിയെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ പങ്കെടുത്തു. യുവാവ് അവസാനം പോലീസിനു കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടി ഉപദ്രവം നേരിട്ടിട്ടില്ല.