കൊളറാഡോ: ചെറിയ കുട്ടികൾ തട്ടിക്കൊണ്ടുപോകലിനും പീഡനങ്ങൾക്കും ഇരയാകുന്ന സംഭവങ്ങൾ ധാരാളമാണ്. അതുകൊണ്ടുതന്നെ സംശയാസ്പദമായ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ കാണുന്പോൾ പോലീസും പൊതുജനങ്ങളും ജാഗ്രത പുലർത്താറുണ്ട്.
അത് പലപ്പോഴും ക്രൂരമായ ചോദ്യം ചെയ്യലിലും അക്രമത്തിലും കലാശിക്കാറുമുണ്ട്. മാതാപിതാക്കളുടെ നിറവും രൂപവും കുഞ്ഞിന്റെയുമായി സാമ്യമില്ലെങ്കിലും ചോദ്യംചെയ്യലുണ്ടാകാം.
വെള്ളക്കാരിയായ മേരി മക്കാർത്തിക്കും 10 വയസുകാരിയായ മകൾ മൊയ്റയ്ക്കും സംഭവിച്ചതും അത്തരമൊരു ദുര്യോഗമാണ്.
വിമാനത്തിൽ യാത്രചെയ്യവേ മിശ്രവംശജയായ മകൾക്കൊപ്പം മേരിയെ കണ്ട വിമാനജീവനക്കാരൻ മനുഷ്യക്കടത്തുകാരിയാണെന്നു സംശയിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.
ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ വിമാനത്താവള ജീവനക്കാരും പോലീസും ചേർന്ന് ഇരുവരെയും തടഞ്ഞുവച്ചു.
തന്റെയും മകളുടെയും നിറം വ്യത്യസ്തമായതിനാൽ മാത്രമാണ് ഇത് സംഭവിച്ചതെന്നു മേരി മക്കാർത്തി പറയുന്നു.2021 ഒക്ടോബർ 22നായിരുന്നു സംഭവം.
ഈ സംഭവത്തോടെ താനും മകളും മാനസികമായി തകർന്ന അവസ്ഥയിലായെന്നും അതിൽനിന്നു കരകയറാനാകുന്നില്ലെന്നും തങ്ങൾക്കുണ്ടായ വൈകാരികവും അല്ലാതെയുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം തന്നേ തീരൂ എന്നും ചൂണ്ടിക്കാട്ടി അവർ സൗത്ത് വെസ്റ്റ് എയർലൈൻസിനെതിരേ ഇപ്പോൾ പരാതി നൽകിയിരിക്കുകയാണ്.
എയർലൈൻസിന്റെ വംശീയമായ നിലപാടാണ് തങ്ങളെ ബുദ്ധിമുട്ടിച്ചതിലൂടെ വെളിപ്പെടുത്തുന്നതെന്നു പരാതിയിൽ ആരോപിച്ചിട്ടുണ്ട്.