സ്വന്തം ലേഖകൻ
കൊണ്ടോട്ടി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതോടെ സംസ്ഥാനത്ത് എയർപോർട്ട് അഥോറിറ്റിക്ക് കീഴിലുളള ഏക വിമാനത്താവളമായി കരിപ്പൂർ മാറും.
രാജ്യത്ത് ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുളള കേരളത്തിൽ ഇതുവരെ കരിപ്പൂർ, തിരുവനന്തപുരം കേന്ദ്രസർക്കാർ നിയന്ത്രണത്തിലും കൊച്ചിയും കണ്ണൂരും സ്വകാര്യ കന്പനികളുടെ കീഴിലുമാണ് പ്രവർത്തിക്കുന്നത്.ഇന്ത്യയിൽ 168 വിമാനത്താവളങ്ങളാണുളളത്.
ഇവയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയിറങ്ങുന്ന വിമാനത്താവളങ്ങളുടെ കോടികളുടെ വരുമാനം നേടുന്നത് കേന്ദ്രം സ്വകാര്യ ഏജൻസികൾക്ക് കൈമാറിയ വിമാനത്താവളങ്ങളാണ്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് ഡൽഹി, മുംബൈ, ഹൈദരബാദ്, ബാംഗ്ലൂർ വിമാനത്താവളങ്ങൾ 30 വർഷത്തേക്ക് നടത്തിപ്പിന് നൽകിയത്. ഇത് വഴി സ്വകാര്യ ഏജൻസികൾ കൊയ്യുന്നത് കോടികളാണ്.
ജിവിആർജിഎംആർ എന്നീ രണ്ടുവൻകിട കുത്തക കന്പനികളാണ് ഡൽഹി, മുംബൈ, ഹൈദരബാദ്, ബാംഗ്ലൂർ എന്നീ നാലു വിമാനത്താവളങ്ങൾ വാടക്ക് എടുത്തിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എയർപോർട്ട് അഥോറിറ്റിക്ക് വരുമാനം നേടിക്കൊടുത്ത വിമാനത്താവളങ്ങളായിരുന്നു ഇവ.
എന്നാൽ സ്വകാര്യ കന്പനികൾക്ക് 30 വർഷത്തേക്ക് നൽകിയതോടെ കോടികളുടെ വരുമാനം ഇവർക്കായി. കഴിഞ്ഞ സാന്പത്തിക വർഷം മാത്രം ജിഎംആർ 2,600 കോടിയാണ് വിമാനത്താവളങ്ങളിൽ നിന്ന് വരുമാനം നേടിയെടുത്തത്. വിമാനത്താവളങ്ങളിൽ രണ്ട് ഘടകങ്ങളായി കന്പനി വരുമാനം നേടുന്നത്.
ഇതിൽ 30 ശതമാനം വിമാനങ്ങളുടെ ലാന്റിംഗ് നിരക്കും മറ്റുമായി ലഭിക്കും. ശേഷിക്കുന്ന 70 ശതമാനവും നേടാനാവുന്നത് വിമാനത്താവളങ്ങളിൽ വാടകയ്ക്ക് നൽകുന്ന ഡ്യൂട്ടിഫ്രീഷോപ്പുകൾ, കടകൾ തുടങ്ങിയവ വഴിയാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് സ്വകാര്യ ലോബികൾ വിമാനത്താവളങ്ങൾ വാടകയ്ക്ക് എടുക്കുന്നത്.
ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ തുടങ്ങിയ രണ്ടു വിമാനത്താവളങ്ങൾ നിർമിച്ചത് കേരളത്തിലാണ്. സിയാലിന്റെ നിയന്ത്രണത്തിലുളള കൊച്ചിയും കിയാലിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ വിമാനത്താവളവുമാണിത്.
എയർപോർട്ട് അഥോറിറ്റിക്ക് കീഴിലുളള കരിപ്പൂർ, തിരുവന്തപുരം വിമാനത്താവളങ്ങൾ മികച്ച വരുമാനം നേടി നൽകുന്പോഴും തിരുവനന്തപുരം അദാനിക്ക് നൽകാനാണ് തീരുമാനം. തൊട്ടുപിറകെ കരിപ്പൂരും സ്വകാര്യവത്കരിക്കുമെന്ന് ഇതോടെ ഉറപ്പായി.