തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിൽ ദീർഘകാലമായി ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സ്വത്തു വിവരങ്ങൾ സംബന്ധിച്ച് ഐബിയും കസ്റ്റംസും അന്വേഷണം ആരംഭിച്ചു.
വിമാനത്താവളങ്ങളിൽ ദീർഘകാലമായി ജോലിചെയ്യുന്നവരിൽ പലർക്കും പല വ്യവസായ പ്രമുഖരുമായും സിനിമാ മേഖലയിലുള്ളവരുമായും അടുത്ത ബന്ധമുണ്ടെന്ന് ഐബിക്കും കസ്റ്റംസിനും വിവരം ലഭിച്ചിരുന്നു.
വിമാനത്താവളങ്ങളിൽ ജോലിക്കെത്തുന്നതിനു മുന്‍പുണ്ടായിരുന്ന സാന്പത്തിക സ്ഥിതിയേക്കാൾ ഉയർന്ന സാന്പത്തിക സ്ഥിതിയിലാണ് ഇവരിൽ പലരും ഇപ്പോൾ കഴിയുന്നതെന്ന് പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്ന ചില പോലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളുടെ പേരുകളിൽ ഉൾപ്പെടെ വീടുകളും വസ്തുവകകളും വാങ്ങിക്കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.