മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിമാനയാത്രക്കാരുടെ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നു. ചൊവ്വാഴ്ച രാത്രി 10.30 ഓടെ വിമാനത്താവളത്തിന്റെ ശുചിമുറികൾ വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
ശുചിമുറിയിലെ ഡസ്ബിനിൽ ഉപേക്ഷിച്ചനിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കുഞ്ഞ് ജനിച്ച ഉടൻതന്നെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. വിമാനത്താവളത്തിൽ കയറിയ മുഴുവനാളുകളുടെയും വിവരങ്ങൾ ഇപ്പോൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ശുചിമുറിയിൽ പ്രവേശിച്ചവരുടെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.