മഞ്ചേരി: പതിമൂന്നു ലക്ഷം രൂപയുടെ സാധനങ്ങളുമായി എയർപോർട്ടിൽ നിന്നു മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ ദന്പതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വഴിക്കടവ് കാരേക്കോട് ആനക്കല്ലൻ ആസീസിന്റെ മകൾ ഹസീന (36), ഭർത്താവ് കാസർഗോഡ് കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് സക്കീന മൻസിലിൽ സിദീഖ് (30) എന്നിവരെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ഇക്കഴിഞ്ഞ 24ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റിന് സമീപം ഫാത്തിമ വില്ലയിൽ മവ്വൽ ഉമ്മറിന്റെ മകൻ ഷംസുദീൻ (48) ആണ് പരാതിക്കാരൻ. ഷംസുദീനൊപ്പം ദുബായിൽ നിന്നു വരികയായിരുന്നു ഹസീന.
ഷംസുദീന്റെ ലഗേജിന് ഭാരക്കൂടുതൽ ഉള്ളതിനാൽ കുറച്ച് ഹസീനയെ ഏൽപ്പിക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോൾ ടോയ്ലേറ്റിലേക്കെന്നു പറഞ്ഞ് ഹസീന ബാഗുമായി മുങ്ങിയെന്നാണ് പരാതി.
സ്വർണാഭരണങ്ങളടക്കം 18 ലക്ഷം രൂപയുടെ സാധനങ്ങൾ അടങ്ങിയ ബാഗാണ് കൊള്ളയടിച്ചതെന്നു ഷംസുദീൻ വഴിക്കടവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനെ തുടർന്ന് ഹസീനയെയും ഉരുപ്പടികൾ വിൽക്കാൻ സഹായിച്ച ഭർത്താവ് സിദീഖിനെയും ഇക്കഴിഞ്ഞ നാലിനു വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫെബ്രുവരി 14നാണ് കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കരിപ്പൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.