ലിസ്ബണ്‍: തെക്കൻ പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ രണ്ടു ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. ആറ് വിമാനങ്ങൾ പങ്കെടുത്ത വ്യോമ പ്രകടനത്തിനിടെയാണു രണ്ടു വിമാനങ്ങൾ അപകടത്തിപ്പെട്ടത്.
സ്പാനിഷ് പൗരനായ പൈലറ്റാണു മരിച്ചത്. രണ്ടാമത്തെ വിമാനത്തിന്റെ പൈലറ്റിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു. രക്ഷാപ്രവർത്തകർ ഉടനെ സംഭവസ്ഥലത്തെത്തി. പ്രാദേശിക സമയം വൈകിട്ട് 4.05 നായിരുന്നു സംഭവമെന്നു പോർച്ചുഗീസ് വ്യോമസേന അറിയിച്ചു.
സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപകടത്തെത്തുടർന്ന് എയർഷോ നിർത്തിവച്ചു.