കൊണ്ടോട്ടി: ക്രിസ്മസ് – പുതുവല്‍സരം മുന്‍നിര്‍ത്തി വിദേശരാജ്യങ്ങളിലേക്കുള്ള നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടി. ഗള്‍ഫില്‍നിന്നു നാട്ടിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതും ജനുവരിയോടെ തന്നെ യാത്രക്കാര്‍ മടങ്ങുന്നതും മുന്‍നിര്‍ത്തിയാണിത്. 20 മുതല്‍ ജനുവരി 15 വരെയുള്ള നിരക്കാണു യാത്രക്കാര്‍ക്ക് ഇരുട്ടിയായത്.
വിദേശ വിമാനക്കമ്പനികള്‍ക്കൊപ്പം നിരക്കു കുറവുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് അടക്കം ടിക്കറ്റ് ഉയര്‍ത്തിയത് യാത്രക്കാര്‍ക്കു തിരിച്ചടിയായിട്ടുണ്ട്. കരിപ്പൂരില്‍നിന്നു ദുബായ്, ഷാര്‍ജ, അബുദാബി മേഖലയിലേക്ക് 5,500 മുതല്‍ 7,000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 10,000 മുതല്‍ 15,000 വരെയാണ് ഉയര്‍ത്തിയത്. ഖത്തര്‍, ദോഹ, ബഹ്റൈന്‍, കുവൈത്ത് ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്കെല്ലാം നിരക്ക് ഉയര്‍ത്തിയുണ്ട്.
കരിപ്പൂരില്‍നിന്നു റിയാദിലേക്കുള്ള നിരക്ക് 10,000ത്തില്‍നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് 19,000 വരെയാണ് ഉയര്‍ത്തിയത്. എന്നാല്‍ ഇതേ സെക്ടറില്‍ മറ്റു വിദേശ വിമാനക്കമ്പനികള്‍ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നു യാത്രക്കാരും ട്രാവല്‍ ഏജന്‍സികളും പറയുന്നു. കരിപ്പൂരില്‍നിന്ന് ഈ മാസം മുതലാണു റിയാദ് സര്‍വീസ് ആരംഭിച്ചത്. ഇതോടെ ബജറ്റ് എയര്‍ലൈന്‍സിന് കാലിയായി പറക്കേണ്ട ഗതികേടുണ്ടാകുന്നു.
കുറഞ്ഞ അവധിക്കു നാട്ടിലെത്തുന്നവരെയാണു നിരക്കുവര്‍ധന ബാധിക്കുക. എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ്, ഇത്തിഹാദ് എയര്‍ തുടങ്ങി വിദേശത്തേക്കുളള വിമാനക്കമ്പനികളെല്ലാം നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഉംറ സീസണ്‍കൂടി ആരംഭിച്ചതോടെ സൗദി മേഖലയിലേക്കു നിരക്ക് കൂടുതലാണ്.