ഐശ്വര്യ-അഭിഷേക് താരദന്പതികൾ വീണ്ടുമൊരു സിനിമയിൽ ഒന്നിക്കുന്നു. സുന്ദർകാണ്ഡ് എന്ന ചിത്രത്തിലാണ് ഏഴുവർഷത്തിനു ശേഷം ഇരുവരും ഒരുമിക്കുന്നത്.2010ൽ മണിരത്നം സംവിധാനം ചെയ്ത രാവണിലായിരുന്നു ഐശ്വര്യ-അഭിഷേക് താരദന്പതികൾ ഏറ്റവും ഒടുവിൽ ഒന്നിച്ചത്.
ടെലിവിഷൻ ഡയറക്ടറായ പ്രിയമിശ്രയാണ് സുന്ദർകാണ്ഡ് സംവിധാനം ചെയ്യുന്നത്. പ്രിയയുടെ ആദ്യസംവിധാന സംരംഭമാണ് സുന്ദർ കാണ്ഡ്. തപ്സി പന്ന- ഇർഫാൻ ഖാൻ എന്നിവരുടെ പേരുകളാണ് ആദ്യം ചിത്രത്തിനായി പറഞ്ഞുകേട്ടതെങ്കിലും ഒടുവിൽ പ്രോജക്ട് സ്വപ്ന ജോഡികളിലേക്കെത്തുകയായിരുന്നു.
സംഭവകഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സുന്ദർകാണ്ഡ് രണ്ട് പോലീസ് ഓഫീസർമാരുടെ കഥയാണ് പറയുന്നത്. മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ ഐശ്വര്യയും അഭിഷേകും ഒന്നിക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. അനുരാഗ് കശ്യപിന്റെ ഗുലാബ് ജാമൂണിലും ഇരുവരുമെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സുന്ദർകാണ്ഡാണ് താരദന്പതികളുടെ അടുത്ത ചിത്രമെന്ന് ഇരുവരുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.
സർക്കാർ രാജ്, ഗുരു, ധൂം 2 തുടങ്ങി പത്തിലധികം ചിത്രങ്ങളിൽ ഐശ്വര്യ-അഭിഷേക് താരജോഡികൾ ഒരുമിച്ചഭിനയിച്ചിരുന്നു.