ലോക്ക്ഡൗണ്‍ കാലമായതോടെ നമ്മുടെ പ്രിയ താരങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാണ്. പഴയ ഫോട്ടോകൾ കണ്ടുപിടിച്ച് അവ ആരാധകരുമായി പങ്കുവയ്ക്കാനും താരങ്ങൾ മറക്കാറില്ല.
അത്തരത്തിൽ ഒരു താരം 2018ൽ പങ്കുവച്ച കുട്ടിക്കാല ചിത്രം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. സഹോദരനോപ്പം കളിച്ചു ചിരിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
വർഷങ്ങൾ പഴക്കമുള്ള, നിറം മങ്ങിയ ചിത്രത്തിലെ ആ കൊച്ചു മിടുക്കി മറ്റാരുമല്ല. ബോളിവുഡിന്റെ താരറാണിയായ ഐശ്വര്യ റായിയാണ്. പതിവായി മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ഐശ്വര്യ ഇടയ്ക്കു സഹോദരൻ ആദിത്യ റായിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു.
ലോകത്തിലെ അതിസുന്ദരികളായ സ്ത്രീകളിൽ ഒരാളായ ഐശ്വര്യ റായി ഇന്നും ആ ഇമേജ് കാത്തു സൂക്ഷിക്കുന്നുണ്ട്. വിവാഹശേഷം കുറച്ചുനാളത്തേക്ക് ഐശ്വര്യ സിനിമയുടെ ഗ്ലാമർ ലോകത്തു നിന്നു വിട്ടുനിന്നെങ്കിലും താരത്തിന്റെ രണ്ടാം വരവിനേയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
നിരവധി നടിമാർ ബോളിവുഡിലേക്ക് കടന്നു വന്നപ്പോഴും അവിടെ തന്റേതായ ഇടം ഐശ്വര്യ ഒരുക്കിവച്ചിരുന്നു. പിങ്ക് പാന്തർ പോലുള്ള ചിത്രങ്ങളിലൂടെ ഹോളിവുഡിലും ഐശ്വര്യ ശ്രദ്ധനേടി. ട്രോയ്, മിസ്റ്റർ & മിസിസ് സ്മിത്ത് പോലുള്ള സിനിമകൾ ഐശ്വര്യ നിരസിച്ച വാർത്തകളും ബോളിവുഡ് അതിശയത്തോടെയാണ് കേട്ടത്.
പുതിയ അവസരങ്ങളും സൗഭാഗ്യങ്ങളും തന്നെ തേടി വന്നപ്പോഴും വന്ന വഴി മറക്കാൻ താരം തയാറായില്ല. ചലച്ചിത്രലോകത്ത് ഐശ്വര്യ കാണിക്കുന്ന പ്രൊഫഷണലിസം മാതൃകാപരമാണെന്ന കാര്യം ബോളിവുഡ് ഒന്നാകെ അംഗീകരിക്കുന്നതാണ്.