പോര് താഴെത്തട്ടിലേക്കും..!   എസ്എഫ്ഐക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമയി എഐഎസ്എഫ്

തൃശ്ശൂര്‍: സിപിഎം-സിപിഐ പോര് ഇരുപാർട്ടികളുടെയും വർഗബഹുജന സംഘടനകളിലേക്ക് വഴിമാറുന്നു. എസ്എഫ്ഐക്കതിരെ രൂക്ഷ വിമര്‍ശനവുമയി എഐഎസ്എഫ് നേതൃത്വം രംഗത്തെത്തി. തൃശൂരില്‍ ചേര്‍ന്ന എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റിലാണ് എസ്എഫ്ഐക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. മലപ്പുറം എന്‍ജിനിയറിംഗ് കോളജിലെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി നിവിന്‍ കൃഷ്ണയെ എസ്എഫ്ഐക്കാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു.

സംസ്ഥാനത്തെ ക്യാമ്പസുകളെ ആയുധ പുരയാക്കാനും ഫാസിസ്റ്റു രീതിയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ മലീമസമാക്കാനുമാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പോലീസ് എസ്എഫ്ഐ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശം ഉയര്‍ന്നു. ഭരണത്തണലില്‍ എസ്എഫ്ഐ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ക്ക് സിപിഎം കുടപിടിക്കുകയോ രാഷ്ട്രീയ പിന്തുണ നല്‍കുകയോ ചെയ്യരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

എസ്എഫ്ഐയുടെ അസഹിഷ്ണുത സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ തുറന്നു പറച്ചില്‍ ആത്മാര്‍ഥത ഇല്ലാത്തതാണെന്നും എഐഎസ്എഫ് ആരോപിച്ചു. മലപ്പുറം എഞ്ചിനീയറിങ് കോളേജില്‍ നടന്നത് വധശ്രമത്തിന് തുല്യമായ ആക്രമണമാണെന്നും ഇത് ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ഭൂഷണമായ നടപടിയോണോ എന്ന് ആലോചിക്കണമെന്നും സെക്രട്ടറിയേറ്റിന്‍റെ തീരുമാനങ്ങൾ വിശദീകരിച്ച എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ ആവശ്യപ്പെട്ടു.

Related posts