മലപ്പുറത്ത് നടന്ന ചടങ്ങില്‍ പെണ്‍കുട്ടി വേദിയില്‍ വന്നതിനെ രൂക്ഷമായി വിമര്‍ശിച്ച സമസ്ത പണ്ഡിതനെതിരേ ആഞ്ഞടിച്ച് സംവിധായക ഐഷ സുല്‍ത്താന.
ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ഒരു മുസ്ലിം പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള അധികാരം ആര്ക്കുമില്ലെന്നുമായിരുന്നു ഐഷയുടെ പ്രതികരണം.
മതമാണ് പ്രശ്നമെങ്കില്‍ ഇസ്ലാം മതത്തില്‍ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നുണ്ടെന്നും ഐഷ ചൂണ്ടിക്കാട്ടി.
”ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണെന്നും ഒരു സ്ത്രീ കല്യാണം കഴിക്കുവാണേല്‍ അവളുടെ ഭര്‍ത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കാണെന്ന ഇസ്ലാം പറയുന്നുണ്ട്”, ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.
പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തേണ്ടതാണെന്നും ഇല്ലേല് ഈ സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ അതൊരു തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലായിരുന്നു വിവാദസംഭവം അരങ്ങേറിയത്. മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍നിന്ന് മടങ്ങി പോവേണ്ടി വരികയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം കേരളത്തിലുടനീളം വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
‘പത്താം ക്ലാസ്സിലെ കുട്ടിയെ ആരാടോ ഇങ്ങോട്ട് വിളിച്ചത്? പെണ്‍കുട്ടികളെ ഒന്നും വിളിക്കാന്‍ പാടില്ല. അത് നിങ്ങള്‍ക്ക് അറിയില്ലേ’ ഇനി വിളിച്ചാല്‍ കാണിച്ചു തരാം എന്നും ഉസ്താദ് സംഘാടകരോട് ചോദിക്കുന്നത് മൈക്കിലൂടെ പുറത്ത് വരികയായിരുന്നു.
ഈ ദൃശ്യങ്ങളാണ് പിന്നീട് വിവാദമായത്. പെണ്‍കുട്ടിയോട് നടന്ന വിവേചനപരമായ നടപടിക്കെതിരേയാണ് ഐഷ സുല്‍ത്താന പോസ്റ്റിട്ടത്.
ഐഷയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു മുസ്ലിം പെണ്‍കുട്ടിയെ വേദിയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള അധികാരമൊന്നും ആര്‍ക്കുമില്ല… കാരണം…
ഇതൊരു ജനാധിപത്യ രാജ്യമാണ് ??
ഇനി ഇപ്പൊ മതമാണ് പ്രശ്നമെങ്കില്‍ ഇസ്ലാം മതത്തില്‍ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നത് എങ്ങനെയെന്നുള്ളത് അറിയില്ലേ…?
1: സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഇസ്ലാമില്‍ പറയുന്നത്…
2: ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ്….
3: സ്ത്രീകളെ ബഹുമാനിക്കാനും ആധരിക്കാനും ഇസ്ലാം മതത്തില്‍ പഠിപ്പിക്കുന്നു…
4: ഒരു സ്ത്രീ കല്യാണം കഴിക്കുവാണേല്‍ അവളുടെ ഭര്‍ത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ആ സ്ത്രീക്ക് മാത്രമാണ്…
ഇത്രയും അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ഇസ്ലാം മതം കൊടുക്കുമ്പോള്‍, വേദിയില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തണം എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പറഞ്ഞത് ? മനുഷ്യര്‍ക്ക് തെറ്റ് പറ്റാം, അത് സ്വാഭാവികം പക്ഷെ അത് തെറ്റെന്നു മനസ്സിലായാല്‍ ഉടനെ തിരുത്തേണ്ടതുമാണ്… ??
പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തേണ്ടതാണ്…
ഇല്ലേല് ഈ സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകും…??