“”ഞാനിത് ഒട്ടും അതിശയോക്തി ചേര്‍ത്തല്ല പറയുന്നത്. ഞാന്‍ ഒരിക്കല്‍ ബംഗളൂരുവില്‍ പോയിരുന്നു. എന്റെ സഹോദരന്റെ വീട് അവിടെയാണ്.
അവിടെ ചെന്നപ്പോള്‍ അടുത്ത വീട്ടില്‍ താമസിക്കുന്ന ഒരു രാജസ്ഥാന് സ്വദേശി വന്നു. ഞാന്‍ ഉണ്ടെന്ന് അറിഞ്ഞ് കാണാന്‍ വന്നതാണ്. നന്ദുലാല്‍ എന്നാണ് അയാളുടെ പേര്.
അറുപത് വയസിന് മുകളില്‍ പ്രായമുണ്ട്. അയാള്‍ എന്റെ അടുത്ത് വന്ന് രജനീ, എന്താണ് നിന്റെ മുടിയൊക്കെ പോയല്ലോ എന്ന് പറഞ്ഞു. ആ പോയി പോട്ടെ പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന് ഞാന്‍ മറുപടി കൊടുത്തു.
പിന്നെ എങ്ങനെ പോകുന്ന റിട്ടയര്‍മെന്റ് ജീവിതം, സുഖമല്ലേ എന്നയാള്‍ ചോദിച്ചു. ഞാന്‍ അഭിനയിക്കുന്നുണ്ട് ഇപ്പോഴൊരു സിനിമയില്‍, റോബോ എന്നാണ് പേര് എന്ന് ഞാന്‍ പറഞ്ഞു.
ആഹാ കൊള്ളാമെന്ന് നന്ദുലാല്‍. ഐശ്വര്യ റായ് ആണ് നായിക എന്ന് ഞാന്‍ ഇത്തിരി തലക്കനത്തോടെ തന്നെ പറഞ്ഞു. ആഹാ അത് നന്നായി നല്ല നടിയാണ് എന്ന് നന്ദുലാല്‍ പറഞ്ഞു.
ഞാന്‍ സന്തോഷിച്ചു. പെട്ടെന്ന് നന്ദുലാല്‍, ആട്ടെ ആരാണ് നായകന് എന്ന് ചോദിച്ചു. ഞാന്‍ സ്തബ്ധനായിപ്പോയി. ഞാനാണ് നായകന് എന്ന് ഞാന്‍ പറഞ്ഞു. നന്ദുലാല്‍ നിശബ്ദനായിപ്പോയി.
മിണ്ടാതെ എന്നെത്തന്നെ കുറച്ചുനേരം നോക്കി നിന്നു ശേഷം നീയോ? എന്ന് ചോദിച്ചു. അയാളുടെ കൂടെ വന്ന കുട്ടികള്‍ ഡാഡി അദ്ദേഹം തന്നെയാണ് നായകന് എന്ന് ചെവിയില്‍ പറയുന്നുണ്ടായിരുന്നു.
അയാള്‍ പത്ത് മിനിറ്റ് എന്നെ തുറിച്ച് നോക്കി നിന്നു. പിന്നെ പോയി. ഐശ്വര്യ റായ്ക്ക് ഇതെന്തിന്റെ കേടാണ്, അഭിഷേക് ബച്ചന് ഇതെങ്ങനെ അനുവദിച്ചു.
പോട്ടെ, അമിതാഭ് ബച്ചന് ഇതെന്ത് പറ്റി! പുറത്ത് വച്ച് അയാള്‍ ഇങ്ങനെയൊക്കെ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.
-രജനികാന്ത്