കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനുശേഷം മോളിവുഡില്‍ നിന്നടക്കം നിരവധി നടിമാര്‍ സംവിധായകരടക്കമുള്ള സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിരുന്നു. മലയാള സിനിമയില്‍പോലും കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം അരങ്ങേറുന്നുണ്ടെന്നും പല നടിമാരും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ വെളിപ്പെടുത്തലുകളെ ശരിവച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ജേതാവുകൂടിയായ നടി ഐശ്വര്യ രാജേഷ് രംഗത്തെത്തിയിരിക്കുന്നു. മലയാളസിനിമയില്‍ എത്തുന്ന നടിമാര്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്നാണ് ഐശ്വര്യ വെളിപ്പെടുത്തിയിരിക്കുന്നത്.
പലരും സിനിമ ഹിറ്റായി കഴിയുമ്പോള്‍ പ്രത്യുപകാരം ചെയ്യാനുള്ള അവസരം നല്‍കാം എന്ന രീതിയിലാണ് തങ്ങളെ സമീപിക്കുന്നതെന്നും നടി പറയുന്നു. പ്രത്യുപകാരമെന്ന നിലയില്‍ അവര്‍ വശംവദരായിത്തീരുന്നുവെന്ന വിഷയവും ഐശ്വര്യ തുറന്നു പറയുന്നു. തമിഴ് സിനിമയിലെ സൂപ്പര്‍ താരമായ ഐശ്വര്യ ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷം, നിവിന്‍ പോളിയുടെ സഖാവ് എന്നീ ചിത്രങ്ങളില്‍ നായികയായിരുന്നു. നല്ല വേഷം വാഗ്ദാനം ചെയ്ത് കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാല്‍ മിക്കനടിമാരും അതൊരു പീഡനമായി കണക്കാക്കാറില്ലത്രേ. സിനിമയില്‍ അവസരം ചോദിച്ചെത്തുന്ന നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്ന പതിവ് സിനിമാ ലോകത്ത് വര്‍ഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണ്. ഞാന്‍ ആദ്യമായി സിനിമാ രംഗത്ത് വന്നപ്പോള്‍ ഇതൊക്കെ കുറേ അനുഭവിച്ചതാണ്.
ഇന്ന് പലരും അതനുഭവിക്കുന്നുണ്ട്. ഇങ്ങനെ മാനം കവരുന്ന ഹൃദയശൂന്യരായ പുരുഷന്മാര്‍ ഒന്നോര്‍ക്കണം അടുത്ത് കിടക്കുന്നത് തന്റെയൊരു മകളാണെന്ന അവബോധം. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തനിക്ക് നായികയാവാനുള്ള രൂപ സവിശേഷതകള്‍ ഇല്ലെന്ന് പലരും പണ്ട് പറഞ്ഞിട്ടുണ്ടെന്ന് ഐശ്വര്യ രാജേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍ ഒരുപാട് നല്ല ചിത്രങ്ങള്‍ തേടി വന്നിട്ടുണ്ട്. അതേസമയം എന്നെ നായികയാവാന്‍ കൊള്ളില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു. എനിക്ക് ഇരുണ്ട നിറമാണ്, നായികമാര്‍ വെളുത്തിരിക്കണം എന്ന ബോധം വച്ചു പുലര്‍ത്തുന്നവരാണ് അങ്ങിനെ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് മുന്‍പില്‍ ജയിച്ചു കാണിക്കണമായിരുന്നു. അതുകൊണ്ടാണ് സിനിമ ഗൗരവകരമായി എടുത്തത്’- ഐശ്വര്യ പറയുന്നു.