ഒരു കാലത്ത് ബിഹാറിനെ അടക്കിഭരിച്ച കുടുംബമായിരുന്നു ലാലു പ്രസാദ് യാദവിന്റേത്. ലാലും ഭാര്യ റാബ്രിദേവിയും മുഖ്യമന്ത്രിമാര്‍. എന്നാല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു അകത്തു പോയതോടെ എല്ലാം തകിടം മറിഞ്ഞു.അമ്മായിയമ്മ-മരുമകള്‍ പോരാണ് ഇപ്പോള്‍ ലാലുവിന്റെ കുടുംബത്തെ വാര്‍ത്തകളില്‍ നിര്‍ത്തുന്നത്. റാബ്രി ദേവി തന്റെ മുടിക്കുപിടിച്ച് തള്ളുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന ആരോപണവുമായി മരുമകള്‍ ഐശ്വര്യ റായി രംഗത്തുവന്നു. ഏതാനും മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് റാബ്രി ദേവിക്കെതിരേ പരാതിയുമായി ഐശ്വര്യ മുന്നോട്ടുവരുന്നത്.
പട്നയിലെ 10 സര്‍ക്കുലര്‍ റോഡ് ഹൗസിലാണ് ലാലുവിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ പുറത്താക്കിയതെന്ന് ഐശ്വര്യ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഐശ്വര്യയുടെ അച്ഛനും മുന്‍ എംഎല്‍എ.യുമായ ചന്ദ്രിക റായി ഇവിടേക്കെത്തി. അദ്ദേഹത്തിന്റെയും ഐശ്വര്യയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ റാബ്രി ദേവിക്കെതിരേ സചിവാലയ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ആശുപത്രിയില്‍നിന്ന് പൊലീസ് സൂപ്രണ്ട് ഗരിമ മാലിക്കിനെ ഫോണില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് സംഘം റാബ്രി ദേവിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി സ്വീകരിക്കുകയെന്ന് ഡി.എസ്പി. രാകേഷ് പ്രഭാകര്‍ പറഞ്ഞു. ലാലുവിന്റെ മൂത്തമകന് തേജ് പ്രതാപിന്റെ ഭാര്യയാണ് ഐശ്വര്യ. ഐശ്വര്യയുമായി വിവാഹമോചനത്തിന് തേജ് പ്രതാപ് 2018 നവംബറില്‍ കോടതിയ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനയിട്ടില്ല.
ബി..എന്‍. കോളേജില്‍ പതിച്ച പോസ്റ്ററുകളില്‍ ചിലതില്‍ തന്റെ അച്ഛന് ചന്ദ്രിക റായിയെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ വന്നത് എങ്ങനെയെന്ന് താന്‍ റാബ്രിയോട് ചോദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് ഐശ്വര്യ പറഞ്ഞു. ഇതേത്തുടര്‍ന്ന് തന്റെ തലമുടിയില്‍ കുത്തിപ്പിടിച്ച റാബ്രിദേവി പുറത്തേക്ക് വലിച്ചിഴച്ചെന്നും സെക്യരിറ്റി ജീവനക്കാരെ വിളിച്ചുവരുത്തി തന്നെ പുറത്താക്കുകയുമായിരുന്നുവെന്ന് ഐശ്വര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുമ്പ് ഭര്‍ത്താവ് തേജ് പ്രതാവ് കഞ്ചാവിനടിമയാണെന്നും കഞ്ചാവ് മൂക്കുമ്പോള്‍ തന്റെ സാരിയും ബ്ലൗസുമൊക്കെ എടുത്ത് അണിയുമെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ലാലു ഉറപ്പിച്ചു നിര്‍ത്തിയിരുന്ന കുടുംബം ലാലുവിന്റെ അഭാവത്തില്‍ പരസ്പരം പോരടിക്കുകയാണ്.