ഏറ്റുമാനൂർ: അമ്മ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ മകളെയും മരുമകനെയും പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കരമന കുന്നിൻപുറം ഭാഗത്ത് ടിസി 21/635ൽ കലയുടെ മകൻ കിരൺ രാജ് (26), കിരണിന്റെ ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഐശ്വര്യയുടെ കുടുംബവീടായ ഏറ്റുമാനൂർ പേരൂരിൽ ഓണാവധിക്കു വന്ന ഐശ്വര്യ അമ്മ പാലക്കാട് ജോലിക്കു പോയ സമയത്ത് ഇവിടെ സൂക്ഷിച്ചുവച്ചിരുന്ന സ്വര്‍ണം മോഷ്ടടിച്ചു തന്റെ ഭർത്തൃഗൃഹമായ തിരുവനന്തപുരത്തെ വീട്ടിലേക്കു തിരികെ പോകുകയായിരുന്നു.
പാലക്കാട്ടുനിന്നു തിരിച്ചെത്തിയ അമ്മ താൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണം അടങ്ങിയ പെട്ടി കാണാനില്ലെന്നു മനസിലാക്കുകയും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
പോലീസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്ത സമയത്ത് ഐശ്വര്യ തന്റെ അച്ഛൻ സ്വർണം എടുക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിൽ സ്വർണം മോഷ്ടിച്ചത് മകൾ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്ത 10 പവൻ സ്വർണത്തിൽ അഞ്ച് പവൻ മുക്കുപണ്ടമാണെന്ന് പരിശോധനയിൽ വ്യക്തമാകുകയും ചെയ്തു.
അപ്പോഴാണ് യുവതി മോഷ്ടിച്ച സമയത്ത് അതിലിരുന്ന അഞ്ചുപവൻ തൂക്കം വരുന്ന മാലയെടുത്ത് പണയംവയ്ക്കുകയും പകരമായി അഞ്ചു പവന് തൂക്കം വരുന്ന മുക്കുപണ്ടം ബോക്സിൽ സൂക്ഷിക്കുകയുമായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞത്.
ഇളയ മകളുടെ വിവാഹ ആവശ്യത്തിനായി അമ്മ കരുതിയിരുന്ന സ്വർണമാണ് മൂത്ത മകളായ ഐശ്വര്യ അപഹരിച്ചത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.