സിനിമയിൽനിന്ന് രണ്ടു വർഷം ഇടവേളയെടുത്തപ്പോൾ ഭാര്യ ഐശ്വര്യയുടെ പിന്തുണ ലഭിച്ചിരുന്നതായി അഭിഷേക് ബച്ചൻ.ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മൻമർസിയൻ എന്ന സിനിമയിലൂടെയാണ് അഭിഷേക് ബച്ചൻ തിരിച്ചുവരവ് നടത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് വൻ വരവേൽപ്പാണ് ലഭിച്ചത്. അഭിനയം മതിയാക്കുന്നുവെന്ന് ഞാൻ ഒരിക്കലും പറഞ്ഞിരുന്നില്ല. ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന തരത്തിലുള്ള സിനിമകളിൽ നിന്ന് ഒരു മാറ്റം വേണം എന്നാണ് പറഞ്ഞത്. അങ്ങനെ ഒരു നല്ല സിനിമ ലഭിക്കാൻ രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു.
ഞാൻ ഇടവേളയെടുക്കുകയാണെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. അവർ പിന്തുണയ്ക്കുകയായിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും (അമിതാഭ് ബച്ചനും ജയാ ബച്ചനും) കുറച്ച് ആശങ്കകളുണ്ടായിരുന്നു.
ഒരു വർഷം പോയി. ഇവൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നൊക്കെ. അത് മാതാപിതാക്കൾക്ക് സാധാരണയായി ഉണ്ടാകുന്ന ആശങ്കകളാണ്. പക്ഷേ ഭാര്യയ്ക്ക് അതിൽ ആശങ്കയുണ്ടായിരുന്നില്ല. ഞാൻ കുടുംബവുമായി എല്ലാം ചർച്ച ചെയ്യുമായിരുന്നു.
അവർക്ക് അത് അറിയാമായിരുന്നു. ശരിയായ രീതിയിൽ കാര്യങ്ങൾ മനസിലാക്കാൻ സിനിമയിൽ നിന്ന് ഇടവേളയെടുത്തത് നല്ലതായിരുന്നുവെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.തപ്സി ആണ് ചിത്രത്തിൽ അഭിഷേകിന്റെ നായികയായി അഭിനയിക്കുന്നത്.