കാക്കനാട്: ഭർത്താവിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയെയും കാമുകനെയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പാലക്കാടു നിന്നാണ് ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ മാസം 28ന് വൈകിട്ട് സീപോർട്ട്-എയർ പോർട്ട് റോഡിൽ പൂജാരി വളവിലായിരുന്നു കേസിനാസ്പദമായ സംഭവം.
കളമശേരി സ്വദേശി ദിലീപ് ഭാര്യ ഐശ്വര്യ(36)യെ ജോലി സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുവരാൻ ചെന്നപ്പോൾ ഇവർ ഓട്ടോ ഡ്രൈവറായ വരാപ്പുഴ മാടവനയിൽ ഡെൽസണുമായി അയാളുടെ ഓട്ടോയിൽ സംസാരിച്ചിരിക്കുന്നതായി കണ്ടു. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഡെൽസൺ ദീലീപ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയിൽ ഇടിച്ച് തെറുപ്പിച്ചശേഷം ഐശ്വര്യയുമായി കടന്നുകളയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിൽസ തേടി. ദീർഘനാൾ വിദേശത്തായിരുന്ന ദിലീപ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഐശ്വര്യയുടെയും ഡെൽസണിന്റെയും വഴിവിട്ട ബന്ധത്തെ സംബന്ധിച്ച് ഇയാൾ കളമശേരി പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നതായും വിവരമുണ്ട്.
മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് എസ്ഐമാരായ ഷാജു, ഷെബാബ് കാസിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കാക്കനാട് ജുഡീഷൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്കയച്ചു.