മായാനദിയിൽ നായകൻ ടോവിനോ തോമസിനോടൊത്ത് ഇഴുകിച്ചേർന്ന് അഭിനയിച്ചപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചിൽ. മായാനദിയിൽ അപർണ എന്ന കഥാപാത്രമായിട്ടാണ് താരം അഭിനയിച്ചത്. ടോവിനോയുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങൾ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതിൽ ആശങ്കയുണ്ടായിരുന്നു.
“നല്ല പേടിയുണ്ടായിട്ടും സംവിധായകൻ ആഷിക് അബു, തിരക്കഥാകൃത്തുക്കളായ ശ്യം പുഷ്കരൻ, ദിലീഷ് നായർ എന്നിവരോടൊക്കെയുള്ള വിശ്വാസത്തിന്റെ പുറത്തു ചെയ്തതാണ് ആ സീനുകൾ. അവർ ഒരിക്കലും ഇതൊരു മാർക്കറ്റിംഗ് ഗിമിക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ഒരിക്കലും ഇത് അശ്ലീലമാകില്ല എന്നും വിശ്വാസമുണ്ടായിരുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഇതിൽ അശ്ലീലത കാണാൻ സാധിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു.
എന്റെ അമ്മ ഈ സീൻ കണ്ടു. അച്ഛൻ കണ്ടു. മറ്റേതൊരു മാതാപിതാക്കളെയും പോലെ അവർക്കും വിഷമമുണ്ടായി. പക്ഷേ അവർ അതു കൊണ്ടുനടക്കുകയോ അതേക്കുറിച്ചോർത്ത് കൂടുതൽ വേദനിക്കുകയോ ചെയ്തിട്ടില്ല. സിനിമയ്ക്കു വേണ്ടിയാണെന്നുള്ള കാര്യം അവർക്ക് മനസിലായി. മായാനദി നല്ലൊരു സിനിമയാണെന്ന് അവർ ഇപ്പോഴും പറയും.’-ഐശ്വര്യ ലക്ഷ്മി പറയുന്നു.
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന ഫഹദ് ഫാസിൽ നായകനായ വരത്തനിലെ നായികയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻപോളി ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മലയാള സിനിമയിലെത്തിയത്. ഇതുവരെ അഭിനയിച്ച മൂന്നു ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയതോടെ താരത്തിന് സിനിമാലോകത്ത് മൂല്യമേറിയിട്ടുണ്ട്.