കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഫെബ്രുവരി 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി 14നു രാവിലെ ഒന്പതിനു ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ യുഡിഎഫ് ജില്ലാ നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിക്കും.
തുടർന്ന് 10ന് കേരള കോണ്ഗ്രസ് എമ്മിന്റെ തട്ടകമായ പാലായിലാണ് ആദ്യ സ്വീകരണം. 11ന് ഈരാറ്റുപേട്ടയിലെ സ്വീകരണത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്താണ് സ്വീകരണം.
വൈകുന്നേരം നാലിന് ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി മണ്ഡലത്തിലെ പാന്പാടിയിൽ സ്വീകരണം നൽകും. അഞ്ചിന് ചങ്ങനാശേരിയിൽ സ്വീകരണം.വൈകുന്നേരം ആറിന് കോട്ടയത്തെ സ്വീകരണത്തോടെ ജില്ലയിലെ ആദ്യദിന പര്യടനം സമാപിക്കും.
15നു രാവിലെ പൗരപ്രമുഖരുമായും മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാവിലെ 10ന് ഏറ്റുമാനൂരിലാണ് ആദ്യ സ്വീകരണം. തുടർന്ന് 11ന് കടുത്തുരുത്തിയിൽ ജാഥയെ സ്വീകരിക്കും.
12ന് വൈക്കം ബോട്ടു ജെട്ടി മൈതാനിയിൽ നടക്കുന്ന സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും. തുടർന്ന് ജങ്കാർ കടന്ന് ജാഥ ആലപ്പുഴ ജില്ലയിലെ അരൂരിലേക്ക് പോകും.