കൊച്ചി: മലയാളസിനിമയിലെ ലൈംഗിക അതിക്രമ പരാതികളില്‍ പ്രതികളായവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നു നടി ഐശ്വര്യലക്ഷ്മി.
സിനിമാമേഖല മെച്ചപ്പെടണമെന്നു പ്രതിബദ്ധതയുള്ളവര്‍ നേതൃത്വത്തില്‍ എത്തണമെന്നും തീരുമാനമെടുക്കാനാകുന്ന പദവികളില്‍ സ്ത്രീകള്‍ ഉണ്ടാകണമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
നിലവിൽ മലയാളസിനിമയിൽ നടക്കുന്നത് വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വയ്പാണ്. എന്തുകൊണ്ട് നേരത്തെ നടന്നില്ലെന്നതാണ് എന്റെ ചോദ്യം.
താൻ സിനിമയില്‍ വന്നതിന്റെ ആദ്യകാലത്തുതന്നെയാണ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഉണ്ടാകുന്നത്. അന്നുമുതല്‍ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു.
ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റുനിന്ന് പറഞ്ഞതുമുതലാണ് ഇത്രയും വലിയ മാറ്റമുണ്ടായത്. ഒരാള്‍ അത്തരത്തിൽ പ്രതികരിച്ചതു തന്നെ പ്രചോദിപ്പിക്കുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
അംഗത്വമെടുത്തതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള പ്രയോജനം ഉള്ളതായി തോന്നാതിരുന്നതിനാലാണ് ഇതുവരെ ‘അമ്മ’യില്‍ അംഗത്വമെടുക്കാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.