കഥാപാത്രങ്ങള്‍ തമ്മിലുള്ള സ്‌നേഹം പ്രകടമാക്കാനാണ് ആ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത്! അവ കാണുമ്പോള്‍ അച്ഛനും അമ്മയും എന്ത് പറയുമെന്ന കാര്യത്തില്‍ ടെന്‍ഷനാണ്; മായാനദിയിലെ കഥാപാത്രത്തെക്കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി പറയുന്നതിങ്ങനെ

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം മായാനദിയ്ക്ക് തുടക്കം വലിയ ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോള്‍ ചിത്രം അതിവേഗം വിജയത്തിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. മായാനദിയെ ഇപ്പോള്‍ പലരും പ്രശംസകൊണ്ട് പൊതിയുകയും ചെയ്യുന്നുണ്ട്. മായാനദി എന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പുതുമുഖ നായിക ഐശ്വര്യ ലക്ഷ്മിയാണ് ഇപ്പോള്‍ പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തെയും അനുഭവത്തെയും കുറിച്ച് ഐശ്വര്യ ലക്ഷ്മി ഒരു ചാനലില്‍ പങ്കുവയ്ക്കുകയുണ്ടായി. അതിങ്ങനെയായിരുന്നു…

ആളുകള്‍ എന്തു പറയും എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു. എല്ലാം ആലോചിച്ചിട്ടാണ് ചെയ്തത്. ആ രംഗങ്ങളൊക്കെ വൃത്തികെട്ട മറ്റെന്തെങ്കിലുമായി മാറ്റപ്പെടുമോ അങ്ങനെയാരെങ്കിലും ഉപയോഗിക്കുമോ എന്ന ടെന്‍ഷനൊക്ക ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അതൊന്നും നമുക്ക് താങ്ങാന്‍ പറ്റില്ലല്ലോ. അതൊക്കെ സിനിമ തുടങ്ങുന്നതു വരെ മാത്രമായിരുന്നു. ആ ടെന്‍ഷനൊക്കെ മാറ്റിവച്ചാണ് ഞാന്‍ ഷൂട്ടിംഗിനെത്തിയത്. ആ ടെന്‍ഷന്‍ കാരണം ഇതുപോലൊരു നല്ല ചിത്രം കയ്യില്‍ നിന്നു പോകരുത് എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ആ സീനുകള്‍ കാരണം ഇത്രയും നല്ലൊരു ടീമിനൊപ്പമുള്ള നല്ലൊരു ചിത്രം വേണ്ടെന്നു വയ്ക്കരുതെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. ഇത് സിനിമയാണ്. അത് ആവശ്യപ്പെടുന്ന കാര്യം ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ ജോലി. അതാണ് ഞാന്‍ ചിന്തിച്ചത്.

കഥാപാത്രങ്ങള്‍ തമ്മിലുള്ള സ്നേഹം ആവിഷ്‌കരിക്കാനാണ് അങ്ങനെയുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. അത് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലാഭത്തിനോ വേണ്ടിയല്ല ചെയ്തതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഒട്ടും വള്‍ഗര്‍ അല്ലാത്ത രീതിയിലാണ് ചെയ്തതും. നാണിക്കേണ്ടതായി ഒന്നും അവിടെയില്ല എന്നെനിക്ക് അറിയാമായിരുന്നു.എനിക്ക് അഭിമാനത്തോടു കൂടി എവിടെയും പറയാന്‍ കഴിയുന്ന ചിത്രമാണ്. അത് അതിന്റെ സൃഷ്ടാക്കളുടെ വിജയമാണ്.

ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ ആ സീനുകളിലൊന്നു പോലും നമ്മുടെ മനസിലുണ്ടാകില്ല. ആളുകള്‍ ആരും ആ രംഗങ്ങളെ കുറിച്ച് മോശമായി ഒന്നുമേ പറഞ്ഞിട്ടുമില്ല. ഞാനൊരു ഡോക്ടര്‍ കൂടിയാണ്. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. അത് മറച്ചുവയ്ക്കേണ്ട ഒന്നായിട്ട് എനിക്കു തോന്നിയിട്ടുമില്ല.

ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു. നല്ല പേടിയും ടെന്‍ഷനും ഉണ്ടായിരുന്നു. ഇപ്പഴും ഉണ്ട്. അച്ഛനും അമ്മയും ചിത്രം ഇതുവരെ കണ്ടിട്ടില്ല. എനിക്ക് ലീവ് കിട്ടിയിട്ട് ഒന്നിച്ച് കാണാന്‍ ഇരിക്കുകയാണ്. പക്ഷേ ഇങ്ങനെയുള്ള രംഗങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാണുമ്പോള്‍ അവര്‍ക്ക് ഷോക്ക് ആകരുതല്ലോ. അവര്‍ക്ക് ഞാന്‍ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നേയുള്ളൂ. അവരെ കുറിച്ചു മാത്രമാണ് എനിക്കു പേടി. ബാക്കി ഈ ലോകത്ത് ആര് എന്തു പറഞ്ഞാലും എനിക്ക് വിഷമമില്ല.

 

Related posts