ഐശ്വര്യ റായിയും അമ്മായി അമ്മ ജയ ബച്ചനും തമ്മിൽ എന്നും മുട്ടൻ വഴക്കാണെന്നാണ് പലപ്പോഴും പപ്പരാസികൾ പറയുന്നത്. ഇരുവർക്കുമിടയിലുള്ള പ്രശ്നങ്ങൾ കാരണം വിവാഹ മോചനത്തിന്റെ വക്കിലാണ് അഭിഷേകും ആഷും എന്ന് വരെ വാർത്തകൾ വന്നിട്ടുണ്ട്.
എന്നാൽ ഇരുവരും തമ്മിലുള്ള സ്നേഹബന്ധം ഈ പറയുന്നതുപോലെ ഒന്നുമല്ല. അച്ഛൻ മരിച്ച ദുഃഖത്തിൽ ഐശ്വര്യ ഇരിക്കുന്പോൾ തനിക്ക് പിറന്നാൾ ആഘോഷം വേണ്ട എന്ന നിലപാടെടുത്തുവത്രെ ജയ ബച്ചൻ. ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജയ ബച്ചന്റെ 65 ാം പിറന്നാൾ. എന്നാൽ മരുമകളുടെ അച്ഛൻ മരിച്ചിട്ട് ഒരു മാസം ആവുന്നതേയുള്ളൂ എന്ന കാരണത്താൽ ജയ പിറന്നാൾ ആഘോഷങ്ങളെല്ലാം വേണ്ടെന്നുവച്ചത്രെ. ഇത്തവണത്തെ പിറന്നാളിന് ജയ മകൾ ശ്വേതയുടെ കൂടെയായിരുന്നു.
ദില്ലിയിലുള്ള മകളുടെ വീട്ടിൽ വളരെ സാധാരണമായൊരു ദിവസമായിരുന്നു ജയയ്ക്ക്. മകളും ഭർത്താവും കുട്ടികളുമല്ലാതെ മറ്റാരും ആ വീട്ടിലന്ന് ഉണ്ടായിരുന്നില്ല. അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും പോലും പിറന്നാളിന് ജയയുടെ കൂടെയില്ലായിരുന്നു. ഐശ്വര്യക്കും മകൾ ആരാധ്യക്കുമൊപ്പം മാംഗളൂരിലാണ് അഭിഷേക്. അമിതാഭ് ബച്ചനാകട്ടെ മുംബൈയിലും. അച്ഛന്റെ മരണത്തിൽ മനം നൊന്തിരിക്കുകയാണ് ഐശ്വര്യ.
പഴയ നിലയിലേക്ക് തിരിച്ചെത്തുന്നത് വരെ അഭിഷേക് കൂടെ തന്നെ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. അമ്മയെക്കാൾ ആഷിന് അടുപ്പം അച്ഛനുമായിട്ടായിരുന്നു. ഐശ്വര്യക്ക് മാത്രമല്ല, അഭിഷേകും കൃഷ്ണരാജ് റായിയുമായി നല്ല അടുപ്പമായിരുന്നു.