ലോകം മുഴുവനും ആരാധകരുള്ള താരമാണ് മുന്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായ്. അഭിനയത്തിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച ഐശ്വര്യ ബോളിവുനു പുറമെ തെന്നിന്ത്യന്‍ സിനിമയിലും വലിയ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്.
ഐശ്വര്യയെക്കുറിച്ച് പറയുമ്പോള്‍ മിക്കപ്പോഴും എല്ലാവരും പറയാറുള്ളത് ലോകസുന്ദരിപ്പട്ടം നേടിയതിന് ശേഷം സിനിമയിലെത്തിയ താരം എന്ന നിലയിലാണ്.
എന്നാല്‍ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പുതന്നെ ഐശ്വര്യയുടെ അഭിനയജീവിതം ആരംഭിച്ചിരുന്നുവെന്നതാണ് വാസ്തവം. ഒരഭിമുഖത്തില്‍ ഐശ്വര്യ തന്നെയാണ് ഇതേക്കുറിച്ച് മനസ് തുറന്നത്. സിനിമയും സൗന്ദര്യ മത്സരങളും ഒരുമിച്ച് കൊണ്ടു പോകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
എന്നെക്കുറിച്ച് പലപ്പോഴും പറയാറുള്ളത് സൗന്ദര്യ മത്സരങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ വ്യക്തിയെന്ന നിലയിലാണ്. പക്ഷെ അതല്ല വാസ്തവം.
സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു മുമ്പ് തന്നെ എനിക്ക് നാല് സിനിമകളുടെ ഓഫര്‍ വന്നിരുന്നു. സത്യത്തില്‍ സിനിമയില്‍ നിന്നു കുറച്ചു നാള് മാറി നില്‍ക്കാനാണ് ഞാന്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത് തന്നെ- ഐശ്വര്യ റായ് പറഞ്ഞു.
1994 ലായിരുന്നു ഐശ്വര്യ റായി ലോകസുന്ദരി മത്സരത്തില്‍ വിജയിക്കുന്നത്. അതേസമയം താന്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തില്ലായിരുന്നുവെങ്കില്‍ തന്റെ അരങ്ങേറ്റ സിനിമ രാജാ ഹിന്ദുസ്ഥാനി ആയിരിക്കുമായിരുന്നുവെന്നും ഐശ്വര്യ വെളിപ്പെടുത്തി.
ഐശ്വര്യ ഓഫര്‍ നിഷേധിച്ചതോടെ കരിഷ്മ കപൂര്‍ ചിത്രത്തിലേക്ക് എത്തുകയായിരുന്നു. ആമിര്‍ ഖാന് ആയിരുന്നു ചിത്രത്തിലെ നായകന്. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു.
പിന്നീടും മൂന്നു സിനിമകള്‍ വന്നു. ആ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചില്ല. 1994ല്‍ ലോകസുന്ദരിയായ ശേഷം 1997 ല്‍ പുറത്തിറങ്ങിയ ഇരുവര്‍ തമിഴ് സിനിമയായിരുന്നു ഐശ്വര്യ റായിയുടെ അരങ്ങേറ്റ ചിത്രം.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യനായകന്. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരുന്നു ഐശ്വര്യ എത്തിയത്. പിന്നീട് ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷകളിലുമായി ഒട്ടേറെ സിനിമകളില്‍ ഐശ്വര്യ അഭിനയിച്ചു.
-പിജി