സഹപ്രവർത്തകരെയെല്ലാം ഒന്നിച്ചുകൂട്ടി ലക്ഷങ്ങൾ ചെലവഴിച്ച് ഒരു അടിപൊളി പാർട്ടി. ഇതാണ് സാധാരണ ബോളിവുഡ് അഭിനേതാക്കളുടെ ഒരു ജന്മദിനാഘോഷ രീതി. എന്നാൽ ഇക്കാര്യത്തിലും വളരെ വ്യത്യസ്തയായിരിക്കുകയാണ് മുൻ ലോക സുന്ദരി ഐശ്വര്യ റായ്. ഇത്തവണ തന്റെ ജന്മദിനം ഐശ്വര്യ ആഘോഷിച്ചത് ആയിരം വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് ഉച്ചഭക്ഷണത്തിനുള്ള തുക സംഭാവനയായി നൽകിക്കൊണ്ടാണ്.
മുംബൈയിലെ സ്കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന അന്നമിത്ര എന്ന പദ്ധതിയുമായാണ് ഐശ്വര്യ സഹകരിക്കുന്നത്. മുംബൈയിലും പരിസരപ്രദേശങ്ങളിലുമായുള്ള 500 മുനിസിപ്പൽ സ്കൂളുകളിലെ നിർധനരായ കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ നടത്തിപ്പുകാരാണ് ഐശ്വര്യയുടെ സംഭാവനയേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.