അല്‍പ്പം ശാന്തരാവൂ! ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടല്ലോ പിന്നെന്തിനാണ് ബഹളം വയ്ക്കുന്നത്; മാധ്യമപ്രവര്‍ത്തകരോട് കരഞ്ഞപേക്ഷിച്ച് ഐശ്വര്യ റായ്; വീഡിയോ വൈറല്‍

ഏകപുത്രി ആരാധ്യയുടെ പിറന്നാള്‍ അതിഗംഭീരമായിട്ടാണ് ബോളിവുഡ് താരങ്ങളായ ഐശ്വര്യയും അഭിഷേകും ആഘോഷിച്ചത്. ബോളിവുഡിലെ പ്രമുഖ താരങ്ങളെയെല്ലാം തന്നെ താരദമ്പതികള്‍ മകളുടെ പിറന്നാളാഘോഷത്തിന് ക്ഷണിക്കുകയും ഷാരൂഖ് ഖാന്‍ അടക്കമുള്ളവര്‍ തങ്ങളുടെ മക്കളുമൊത്ത് പിറന്നാള്‍ ആഘോഷത്തിന് എത്തിച്ചേരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അന്തരിച്ച പിതാവ് കൃഷ്ണരാജിന്റെ പിറന്നാളും ഐശ്വര്യ റായ് ആഘോഷിച്ചിരിക്കുന്നു. കൂടെ ആരാധ്യയും ഐശ്വര്യയുടെ അമ്മയും ഉണ്ടായിരുന്നു.

സ്മൈല്‍ ട്രെയില്‍ ഫൗണ്ടേഷനിലെ കുട്ടികളുമൊത്താണ് ഐശ്വര്യ പിറന്നാള്‍ ആഘോഷിച്ചത്. ഇതിനിടയ്ക്ക് ആരാധകരുടെയും മാധ്യമങ്ങളുടെയും ശല്യം കാരണം ഐശ്വര്യയ്ക്ക് കരയേണ്ടി വന്നു. മാധ്യമങ്ങളോട് സംയമനം പാലിക്കാന്‍ ഐശ്വര്യ കരഞ്ഞപേക്ഷിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താരവും കുടുംബവും വരുന്നത് അറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ നേരത്തെതന്നെ ആശുപത്രിയില്‍ സ്ഥാനം പിടിച്ചിരുന്നു. ഐശ്വര്യയും മകളും എത്തിയതോടെ പരിസരം മറന്ന് പാപ്പരാസികള്‍ ബഹളം വെയ്പും ഫോട്ടോയെടുപ്പും തുടങ്ങി. ഐശ്വര്യയ്ക്ക് അതത്ര ഇഷ്ടമായില്ല. അല്‍പനേരം കഴിഞ്ഞപ്പോള്‍ താരത്തിന്റെ ക്ഷമ നശിച്ചു.

ഒന്ന് നിര്‍ത്തൂ എന്ന് ആഷ് പറഞ്ഞു. ‘ അല്‍പം ശാന്തരാകൂ. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ഒരു നല്ല കാര്യത്തിനാണ്. ഇതൊരു ആശുപത്രിയാണ്. ദയവ് ചെയ്ത് ബഹളംവെച്ച് അവിടെയുള്ളവരെ ബുദ്ധിമുട്ടിക്കരുത്. ഞങ്ങള്‍ എവിടെയും പോകുന്നില്ല. ഇവിടെ തന്നെയല്ലെ നില്‍ക്കുന്നത്. പിന്നെന്തിനാണ് നിങ്ങള്‍ ബഹളം വെയ്ക്കുന്നത്?’ ഐശ്വര്യ പറഞ്ഞു. അല്‍പനേരത്തേയ്ക്ക് ശാന്തരായെങ്കിലും പിന്നീട് വീണ്ടും ആളുകള്‍ ബഹളം തുടങ്ങി. മുച്ചുണ്ടുമായി ജനിച്ച കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളും ആ കൊച്ചുമുറിയില്‍ എത്തിയതോടെ തിക്കുംതിരക്കുമായി. ഇതിനിടയ്ക്ക് സംസാരിക്കരുത് എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഐശ്വര്യയുടെ വാക്കുകള്‍ ആരും ശ്രദ്ധിച്ചില്ല. താരത്തിന്റെ കണ്ണുനിറഞ്ഞു. പിന്നീട് കരഞ്ഞുകൊണ്ട് ഐശ്വര്യ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

 

Related posts