മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരേ ട്വിറ്ററിൽ പങ്കുവച്ച ട്രോളിൽ മാപ്പുപറഞ്ഞ് നടൻ വിവേക് ഒബ്റോയി. മാപ്പുപറയില്ലെന്ന് നിലപാട് സ്വീകരിച്ചു മണിക്കൂറുകൾക്കു ശേഷമാണ് ഒബ്റോയി ക്ഷമാപണം നടത്തിയത്. തന്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്നു ട്രോൾ നീക്കുകയും ചെയ്തു.
ഒറ്റനോട്ടത്തിൽ ഒരാൾക്ക് നിർദോഷവും രസകരവുമായി തോന്നുന്ന കാര്യം മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്നില്ലെന്നും ഒരു സ്ത്രീയോടും മോശമായി പെരുമാറുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും തനിക്കു കഴിയില്ലെന്നും ചൊവ്വാഴ്ച രാവിലെ ഒബ്റോയി ട്വീറ്റ് ചെയ്തു. കഴിഞ്ഞ പത്തു വർഷത്തിനിടെ 2000-ൽ അധികം പെണ്കുട്ടികളെ താൻ സഹായിച്ചിട്ടുണ്ടെന്നും നടൻ അവകാശപ്പെട്ടു.
അഭിപ്രായ സർവെ, എക്സിറ്റ് പോൾ, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് സൽമാൻ ഖാൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ഐശ്വര്യയുടെ മകൾ ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം തന്റെയും ചിത്രങ്ങൾ വച്ചുള്ള മീമാണ് വിവേക് ഒബ്റോയി ട്വിറ്ററിൽ പങ്കുവച്ചത്.
ഇതിൽ രാഷ്ട്രീയമല്ലെന്നും വെറും ജീവിതമാണെന്നുമുള്ള കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്രോൾ ട്വീറ്റ് ചെയ്തത്. മീം സൃഷ്ടിച്ച വ്യക്തിയുടെ സർഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
ഇതോടെ താരത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. തീർത്തും അരോചകം എന്നായിരുന്നു നടി സോനം കപൂറിന്റെ പ്രതികരണം. ട്വീറ്റ് എന്തൊരു അസംബന്ധമാണെന്നും വിവേകിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു. എന്നാൽ തിങ്കളാഴ്ച ഇതിൽ ഖേദപ്രകടനം നടത്താൻ ഒബ്റോയി വിസമ്മതിച്ചു. എന്തിനാണ് താൻ മാപ്പു പറയേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.