കൊച്ചി: ഒരുവര്‍ഷം മുമ്പ് ജീവിതയാത്രയില്‍ കൂടെകൂട്ടിയവളുടെ ചേതനയറ്റ ശരീരംകണ്ട് അലമുറയിട്ട ആഷിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.
അവിനാശിയില്‍ വാഹനാപകടത്തില്‍ മരിച്ച ഇടപ്പള്ളി സ്വദേശിനി ഐശ്വര്യയുടെ മൃതദേഹം പോണേക്കര ഇന്ദിരാ റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴായിരുന്നു ആഷിന്റെ ദുഖം അണപൊട്ടിയത്.
‘ഞാന്‍ ഒന്നു തൊട്ടോട്ടെ’എന്ന തേങ്ങലോടെ മൃതദേഹത്തിനരികത്തേക്കെത്തിയ ആഷിനെ നിയന്ത്രിക്കാന്‍ സൃഹൃത്തുക്കളും ബന്ധുക്കളും നന്നേ പാടുപെട്ടു.
ഒടുവില്‍ കരഞ്ഞു തളര്‍ന്ന കണ്ണുകളുമായി മൃതദേഹത്തിന്റെ ഒരുമൂലയില്‍ ആഷിന് ഇരുന്നതോടെ ചുറ്റുംനിന്നവരുടെ കണ്ണുകളും നിറഞ്ഞു.
ബംഗളുരുവില്‍ തന്നെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ആഷിന് ഉദയ് മരണവാര്‍ത്തയറിഞ്ഞയുടന്‍ അവിനാശിയിലെത്തി മൃതദേഹത്തെ കൊച്ചിയിലേക്ക് അനുഗമിച്ചിരുന്നു.
ഐശ്വര്യ മരിച്ചുവെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആഷിനു മാത്രമല്ല, അവളുടെ അമ്മ രാജശ്രീക്കും ആയിട്ടില്ല.
അവസാന നിമിഷം വരെ തേങ്ങലടക്കിയ പിതാവ് സകല നിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ടു നിന്നവര്‍ക്കും കരച്ചിലടക്കാനായില്ല. രാവിലെ 10.45ന് വീട്ടില്‍ നടന്ന ചടങ്ങുകള്‍ക്കുശേഷം പതിനൊന്നോടെ ഇടപ്പള്ളി പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. സഹോദരന് അശ്വിനാണ് ചിതയ്ക്കു തീകൊളുത്തിയത്.